പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ആതിഥേയരായ ഇലഞ്ഞി സെന്റ്. പീറ്റേഴ്സ് സ്കൂളിനെ പരാജയപ്പെടുത്തി സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യവിജയം കരസ്ഥമാക്കി.
സ്കോർ 5-3. തുല്യ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ആതിഥേയർ ഒരുഗോളിന് മുന്നിട്ടു നിന്നുവെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം കടനാട് കൈക്കലാക്കി. കടനാടിനായി ഹാട്രിക് നേടിയ ആന്റണി കളിയിലെ മികച്ച കളിക്കാരനായി.
ഉച്ചകഴിഞ്ഞു പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ്. തോമസ് സ്കൂൾ, കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന് സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാം വിജയം കരസ്ഥമാക്കി. ഈ വിജയത്തോടെ പാലാ സെന്റ് തോമസ് സ്കൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.
പാലാ സെന്റ് തോമസ് സ്കൂളിലെ അനിരുദ്ധാണ് കളിയിലെ താരം. അറക്കുളം സെന്റ് മേരീസ് സ്കൂൾ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ലീഗിൽ മുന്നിട്ട് നിൽക്കുന്നു. നാളെ മത്സരങ്ങൾ ഇല്ല. വെള്ളിയാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനത്തിനെയും വൈകുന്നേരം മൂന്ന് മണിക്ക് അറക്കുളം സെന്റ് മേരിസ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ സെന്റ് ജോർജ് സ്കൂൾ കൂട്ടിക്കലിനെയും നേരിടും.





