pala

എന്നെയോര്‍ത്ത് ആരും കരയണ്ട; കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നിലപാടേയുള്ളു; എല്‍ഡിഎഫില്‍ തുടരും’; ജോസ് കെ മാണി

പാലാ : അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അധ്യക്ഷന്‍ ജോസ് കെ മാണി തള്ളി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ജോസ് കെ മാണി നിലപാട് വിശദീകരിച്ചു. പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ടെന്നും മുന്നണിമാറ്റ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും വിശദീകരണം. എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ താന്‍ തന്നെയെന്നും ജോസ് കെ മാണി പറഞ്ഞു.

ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസ് കെ മാണി സംസാരിച്ചു തുടങ്ങിയത്. ആരാണ് ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജറുസലേമേ, ജറുസലേമിലെ സഹോദരിമാരെ എന്നെയോര്‍ത്ത കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോ മിശിഹാ പറയുന്നുണ്ട്. ഞങ്ങളെയോര്‍ത്ത് ആരും കരയണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോസ് കെ മാണി എന്ത് നിലപാടെടുക്കുമെന്ന് പറഞ്ഞ് നിരന്തരമായ ചര്‍ച്ചകള്‍ നടക്കുകയാണ് – അദ്ദേഹം പറഞ്ഞു.

മുന്നണി പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. പിതാവിന്റെ ഏറ്റവുമടുത്ത സുഹൃത്ത് ക്രിട്ടിക്കലായിട്ട് കിടക്കുന്നു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ദുബായില്‍ കുടുംബത്തോടൊപ്പം പോയി. ഇടതുപക്ഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനായില്ല. ഉത്തരവാദിത്തപ്പെട്ട ആളുകളെ ഞാന്‍ അത് അറിയിക്കുകയും ചെയ്തു. മാത്രമല്ല കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തു. എവിടെയെങ്കിലും പോകുമ്പോള്‍ മാധ്യമങ്ങളെയറിയിച്ച് പോകാന്‍ എനിക്ക് സാധിക്കില്ല – ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന കാര്യം ഈ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസിന് ഒരു നിലപാടെയുള്ളു. അത് ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഇത്് പറയാന്‍ പറ്റുമോ – അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയൊരു തീരുമാനമെടുത്താല്‍ അഞ്ച് എംഎല്‍എമാരും കൂടെ നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് അഞ്ച് വര്‍ഷം മുന്‍പ് എടുത്ത നിലപാടിനെ ഒരു മാറ്റവും വന്നിട്ടില്ല. ഞങ്ങളെ യുഡിഎഫ് പുറത്താക്കുകയാണ് ചെയ്തത്. അതിന് ശേഷം ഞങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നിലപാടെടുത്തു. ആ നിലപാട് ഉറച്ചതാണ്. എല്‍ഡിഎഫില്‍ ഹാപ്പിയാണ്. ഞാന്‍ എവിടെയെങ്കിലും നിലപാടില്‍ വെള്ളം ചേര്‍ത്തതായി കാണാന്‍ കഴിയുമോ – ജോസ് കെ മാണി ചോദിച്ചു. സഭ ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *