erattupetta

തിടനാട് പള്ളി വികാരിക്കെതിരെ പി.സി ജോർജിന്റെ അധിക്ഷേപം അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പാലാ രൂപതയിൽ പെട്ട തിടനാട് പള്ളിയുടെ വികാരിയച്ചനെതിരെ പരസ്യ വേദിയിൽ വച്ച് വ്യക്തി അധിക്ഷേപം നടത്തിയ മുൻ എംഎൽഎ പിസി ജോർജിന്റെ നടപടി തികച്ചും അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു.

ആദരണീയ സ്ഥാനീയരായ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന പി.സി ജോർജിന്റെ നടപടി അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പിനെ ഉൾപ്പെടെ നിരവധി വൈദികരെയും സന്യസ്ഥരെയും പി.സി ജോർജ് മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ദളിത് സമൂഹങ്ങളെയും പലപ്പോഴും പി.സി ജോർജ് ആക്ഷേപിച്ചിട്ടുണ്ട്.

ഒരു പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഇത്തരം സമീപനങ്ങൾ സമൂഹത്തിൽ ഭിന്നതയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയാണ്.

മത സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും നാടായ പൂഞ്ഞാറിൽ മതസ്പർദ്ധ ഉണ്ടാക്കാനും നാടിനെ വിഷലിപ്തമാക്കാനുമുള്ള പി.സി ജോർജിന്റെ ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും എംഎൽഎ പറഞ്ഞു.

സൗഹാർദ്ദ അന്തരീക്ഷങ്ങൾ തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പി.സി ജോർജിന്റെ വിലകുറഞ്ഞ തന്ത്രങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും, അദ്ദേഹത്തിന്റെ ഹീന തന്ത്രത്തിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ ജനങ്ങൾ വിധിയെഴുതുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *