കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ 29,30 തീയതികളിൽ(ശനി, ഞായർ) പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും.
വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ.ഒമാർക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും.
ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം വിതരണവും സ്വീകരണവും ഡിജിറ്റൈസേഷനും പൂർത്തീകരിച്ചു. ഫോമുകൾ പൂരിപ്പിച്ച് ബി.എൽ.ഒമാർക്ക് തിരികെ നൽകാൻ പൊതുജനങ്ങളും ജാഗ്രത പുലർത്തണം. അതത് വില്ലേജ് ഓഫീസുകളിലും എന്യൂമറേഷൻ ഫോമുകൾ നൽകാമെന്ന് കളക്ടർ അറിയിച്ചു.





