thidanad

പിണ്ണാക്കനാട് – പാറത്തോട് റോഡിൽ യാത്രക്ലേശം: നിർമ്മാണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്‌ തിടനാട്

​തിടനാട്: പിണ്ണാക്കനാട് – പാറത്തോട് റൂട്ടിൽ ഓണാനി ഭാഗത്ത് റോഡ് നിർമ്മാണ സാമഗ്രികൾ ഗതാഗത തടസ്സവും അപകടഭീഷണിയും ഉയർത്തുന്നതായി പരാതി. അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മെറ്റലും ടാർ വീപ്പകളും ഉടൻ നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

​നിർമ്മാണ സാമഗ്രികൾ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത് മൂലം വാഹനങ്ങൾക്ക് വശം ചേർന്നു പോകേണ്ടി വരുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.

സാധനങ്ങൾ ഇറക്കിയതല്ലാതെ നാളിതുവരെ പണികൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും, ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ ഇവ മാറ്റിയിടാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.

​ഈ വിഷയത്തിൽ ജനപ്രതിനിധികൾ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഇലക്ഷൻ മുന്നിൽ കണ്ട് വോട്ട് പിടിക്കാനുള്ള തന്ത്രമാണോ ഇതെന്ന് സംശയിക്കുന്നതായി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര ആരോപിച്ചു. നിർമ്മാണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്ത് യാത്രാക്ലേശം പരിഹരിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *