അരുവിത്തുറ: നവംബർ 14 – ശിശു ദിനം അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കെങ്കേമമായി ആഘോഷിച്ചു. സെന്റ്.മേരീസ് നേഴ്സറി സ്കൂളിലെ കുട്ടികൾ അതിഥികളായി എത്തിയിരുന്നു. അവരെ മുൻ നിരയിൽ അണിനിർത്തി മനോഹരമായ റാലി നടത്തി. ചാച്ചാജിക്ക് ജയ് വിളികൾ കൊണ്ട് സ്കൂൾ അങ്കണം മുഖരിതമായി.
തുടർന്ന് ആശംസാ കാർഡും ചോക്ലേറ്റും നല്കി നേഴ്സറിയിലെ കുട്ടികൾക്ക് സ്വീകരണമൊരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി ഗാനങ്ങളും പ്രസംഗങ്ങളും നടന്നു. ചാച്ചാജിയുടെ വേഷത്തിൽ സ്റ്റേജിൽ അണിനിരന്ന കുട്ടിച്ചാച്ചാജി മാർ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു.
തുടർന്ന് എല്ലാവർക്കും ലഭിച്ച പായസം ആഘോഷങ്ങൾക്ക് മധുരിമ പകർന്നു. അരുവിത്തുറ സെന്റ്.ജോർജ് കോളേജിലെ NCC Students നടത്തിയ ശിശുദിന പ്രോഗ്രാം കുട്ടികൾക്ക് കൂടുതൽ ഉണർവും ഉന്മേഷവും പകരുന്നതായിരുന്നു.





