വാകക്കാട് : “മികച്ച ഭാവിക്കായി മികച്ച നേട്ടം” (ബി എ ഫോർ ബി എഫ് : – ബെറ്റർ അച്ചീവ്മെന്റ് ഫോർ ബെറ്റർ ഫ്യൂച്ചർ) എന്ന പദ്ധതിയുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ. തുടർച്ചയായ പഠനം, നൈപുണ്യ വികസനം, ജീവിതത്തിന്റെ വിവിധ തലങ്ങളിൽ പോസിറ്റീവ് മാറ്റം എന്നിവയിലൂടെ കുട്ടികളെ മികച്ചയൊരു ഭാവിയിലേക്ക് നയിച്ച് ജീവിതവിജയം നേടിയെടുക്കുന്നതിന് ബി എ ഫോർ ബി എഫ് എന്ന പ്രോജക്ട് ലക്ഷ്യം വയ്ക്കുന്നു.
ഇന്ന് കൂടുതൽ നന്നായി പരിശ്രമിക്കുന്നത് വ്യക്തിപരവും സാമൂഹ്യപരവും തൊഴിൽപരവുമായ നേട്ടങ്ങൾക്കും കൂടുതൽ സംതൃപ്തവും വിജയകരവുമായ ഭാവിക്കും കാരണമായിത്തീരും എന്നും പ്രോജക്ട് കുട്ടികളെ ഉദ്ബോധിപ്പിക്കുന്നു.
ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ഇതുപോലുള്ള പദ്ധതികൾ കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ ലോഗോ മാണി സി കാപ്പൻ എംഎൽഎ, സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി ഇത്തരം പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡൻ്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, സ്റ്റാഫ് സെക്രട്ടറി മനു കെ ജോസ്, അനു അലക്സ് എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ വിജയത്തിനായി ജോസഫ് കെ വി , സി. പ്രീത, ജീമോൻ മാത്യു, സോയ തോമസ്, ജോർജ് സി റ്റി, റ്റിൻ്റു തോമസ്, ഷീനു തോമസ് തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവർത്തിക്കുന്നു.