മൂന്നിലവ്: പ്രളയത്തിൽ തകർന്ന കടപുഴ പാലത്തിനു പകരം നാട്ടുകാർ താൽക്കാലിക പാലം പണിതു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് താൽക്കാലികം പാലം നിർമിക്കുന്നത്. ആറിന് കുറുകെ തെങ്ങുംതടി നിരത്തി അതിനു മുകളിൽ പലക ഉപയോഗിച്ചാണ് പാലം നിർമിച്ചത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണു നിർമാണം. മീനച്ചിലാറിന്റെ കൈവഴിയായ മൂന്നിലവ് കടപുഴ ആറിനു കുറുകെയുള്ള പാലം തകർന്നത് 2022ലെ പ്രളയത്തിലാണ്. കൂറ്റൻ മരം വന്നിടിച്ചു പാലത്തിന്റെ നടുവിലെ തൂൺ ഇളകി മാറിയതോടെ സ്ലാബും തകർന്നു. ഇതോടെ പാലത്തിലൂടെയുള്ള യാത്ര മുടങ്ങി.
തുടർന്ന് പുതിയ പാലത്തിനുള്ള വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ആദ്യപാലം മന്ത്രി വി.എൻ. വാസവന്റെ വകയായിരുന്നു. പട്ടികജാതി ഫണ്ടുപയോഗിച്ചു പാലം പണിയുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വാക്കുകളിൽ മാത്രമായി. പിന്നീട് ഇവിടെയെത്തിയ മുഴുവൻ ജനപ്രതിനിധികളും നേതാക്കളും പാലം വാഗ്ദാനം ചെയ്തു.
ഇതിനിടെ പാലത്തിന്റെ അവകാശത്തെച്ചൊല്ലിയും തർക്കം തുടങ്ങി. തകർന്ന പാലം പണിതത് പഞ്ചായത്താണോ പൊതുമരാമത്തു വകുപ്പാണോ എന്ന ആശയക്കുഴപ്പമാണ് ആദ്യം ഉണ്ടായത്. തർക്കങ്ങൾ തുടരുന്നതിനിടെ പാലം നിർമിക്കാൻ മാണി സി.കാപ്പൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനും ഭരണാനുമതി ലഭിച്ചില്ല.
പ്രദേശവാസിയായ റോസമ്മ തോമസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അനുകൂലമായ ഉത്തരവുണ്ടായത്. ജൂൺ 2ന് മുൻപ് ഭരണാനുമതി നൽകാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.
2.39 ലക്ഷം രൂപയുടെ ഭരണാനുമതിയാണു ലഭിക്കേണ്ടത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചാൽ ആറ്റിലെ ജലനിരപ്പ് താഴുന്ന മുറയ്ക്കു പാലത്തിന്റെ നിർമാണം ആരംഭിക്കുമെന്നു മാണി സി.കാപ്പൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക് എന്നിവർ പറഞ്ഞു.