മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 4-)o വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജനി സലിലൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ എ.ജെ ജോസഫ് അറയ്ക്കപ്പറമ്പിൽ, പുരുഷോത്തൻ പാലൂർ, പയസ് വാലുമ്മേൽ, ബേബിച്ചൻ ആറ്റുചാലിൽ, വി.വി സോമൻ, ടോമി വെള്ളാത്തോട്ടം,സെബാസ്റ്റ്യൻ ഇടയോടി, ബിനു മുഞ്ഞനാട്ട്, സന്തോഷ് ടി. നായർ,അനിൽ കുമാർ, മനോജ് പന്താടിയിൽ, ആന്റണി ചൂനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടപ്പള്ളി ടോപ്പ് പ്രദേശത്തേക്കുള്ള ഏക റോഡ് ആയ ഈ ഗ്രാമീണ റോഡ് പ്രളയത്തെയും മറ്റും തുടർന്ന് ഒരു നിലയിലും വാഹനഗതാഗത യോഗ്യമല്ലാതെ തകർന്നുപോയിരുന്നു. പ്രദേശവാസികൾ ഏറെ കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു ദൈനംദിന ആവശ്യങ്ങൾക്ക് ഈ വഴി സഞ്ചരിച്ചുകൊണ്ടിരുന്നത്.
ഈ സാഹചര്യത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെയും വാർഡ് മെമ്പർ രജനി സലിലന്റെയും നേതൃത്വത്തിൽ നാട്ടുകാർ ഒന്നടങ്കം എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് 4 ലക്ഷം രൂപ അനുവദിച്ച് റോഡിന്റെ ഏറ്റവും ദുരിതപൂർവ്വമായ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
ഇതുകൂടാതെ ടൗണിൽ നിന്നും മുണ്ടപ്പള്ളിയിലേയ്ക്ക് എത്തുന്നതിനുള്ള പ്രധാന റോഡിന്റെ റീ ടാറിങ് പ്രവർത്തികൾക്കായി 36 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും എംഎൽഎ അറിയിച്ചു.