erattupetta

മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ-കല്ലേക്കുളം റോഡിന് ഒരു കോടി രൂപയുടെ ഭരണാനുമതി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്.

പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ് വർഷങ്ങൾക്കു മുൻപ് പിഡബ്ല്യുഡി ഏറ്റെടുത്തിരുന്ന റോഡ് ആയിരുന്നു എങ്കിലും ഈ റോഡ് മാവടിയിൽ എത്തിച്ചേരുന്ന അവസാന റീച്ച് 650 മീറ്റർ റോഡ് ശരിയായ വിധത്തിൽ ഫോം ചെയ്യുകയോ ടാറിങ് നടത്തുകയോ സംരക്ഷണഭിത്തി ഉൾപ്പെടെ യാതൊരു അടിസ്ഥാന സജ്ജീകരണങ്ങളും ഇല്ലാതിരുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ ഇതുവഴിയുള്ള ബസ് സർവീസുകളും മറ്റും കുളത്തുങ്കൽ ക്ഷേത്ര മൈതാനിയിൽ എത്തി അവസാനിപ്പിക്കേണ്ട നിലയിലായിരുന്നു. ഈ റോഡ് നല്ല നിലയിൽ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെത്തുടർന്ന്

ഈ റോഡിന്റെ അവസാന റീച്ച് മികച്ച നിലയിൽ ടാറിങ് നടത്തുന്നതിനും ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഡ്രെയിനേജ് സിസ്റ്റം, ഐറിഷ് കോൺക്രീറ്റിംഗ് റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഒരുക്കി റോഡ് പൂർത്തീകരിക്കുന്നതിനുമാണ് ഇപ്പോൾ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്.

ഈ റോഡ് പൂർത്തീകരിക്കുന്നതോടുകൂടി പൂഞ്ഞാർ മേഖലയിൽ നിന്നും വാഗമണ്ണിൽ എത്തിച്ചേരുന്നതിനുള്ള ദൂരം ആറ് കിലോമീറ്ററോളം കുറയും എന്നുള്ള പ്രത്യേകതയുമുണ്ട്. കൂടാതെ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടുകയും ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേയ്ക്ക് എത്തുന്നതിന് ഒരു ബൈപ്പാസ് ആയി ഉപയോഗിക്കാൻ കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *