കടുത്തുരുത്തി: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന് എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി – കല്ലറ റോഡിലെ മേല്‍പ്പാലം.
ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് വലിയ ബ്ലോക്കിനും കാരണമായിരുന്നു. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍ ബി, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പഞ്ചായത്തംഗം ലിസമ്മ മുല്ലക്കര എന്നിവര്‍ സംസാരിച്ചു.
കോതനെല്ലൂര്‍- വേദഗിരി – റോഡിലെ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനവും ഇന്നലെ നടന്നു. സമ്മേളനം തോമസ് ചാഴികാടന് എംപി ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, ബിനോയി മാവുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
കുറുപ്പുന്തറ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടന സമ്മേളനം തോമസ് ചാഴികാടന് എംപി ഉദ്ഘാടനം ചെയ്തു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി, പഞ്ചായത്തംഗങ്ങളായ എല്‍സമ്മ ബിജു, ഷാലിമോള്‍ ജോസഫ്, ആന്‍സി സിബി എന്നിവര്‍ സംസാരിച്ചു.