crime

ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു.

586 പേജുള്ള കോടതി വിധിയാണ് വായിച്ചത്. കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല.

അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.

സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ​ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *