pala

എംഎല്‍എയ്‌ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം : യു ഡി എഫ്

പാലാ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി.

കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ എംഎല്‍എയുടെ നിരപരാധിത്വം തെളിയും. അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും. ജനാധിപത്യത്തോടും ജുഡീഷ്യറിയോടും ഉള്ള അവഹേളനമായി മാത്രമേ ഇടത് നിലപാടിനെ കാണാന്‍ കഴിയുള്ളൂ എന്നും എംഎല്‍എ മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

മാണി സി കാപ്പന്‍ എംഎല്‍എ ക്കെതിരെ ദിനേശ് മേനോന്‍ എന്ന വ്യക്തി നല്‍കിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ ഹൈക്കോടതി തന്നെ വെക്കേറ്റ് ചെയ്തു എന്നത് മാത്രമാണ് നിലവില്‍ സംഭവിച്ചിട്ടുള്ളത്.
കേസിന്റെ വിചാരണ നടപടികള്‍ കീഴ്‌കോടതിയില്‍ തുടരേണ്ടതുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് എംഎല്‍എ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞു എന്ന മട്ടില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന സമരം ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്ത്വമാണ് വെളിവാക്കുന്നത്. വിചാരണ നേരിടണമെന്ന വിധി സാങ്കേതികം മാത്രമാണ്. കോടതിയില്‍ കേസില്‍ പ്രതിയായി വിചാരണ നടക്കുന്നതിന്റെ പേരില്‍ രാജിവെക്കണമെങ്കില്‍ ആദ്യം രാജിവക്കേണ്ടത് ലാവലിന്‍ കേസില്‍ പ്രതിസ്ഥാനത്ത് വിചാരണ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.

നിയമസഭ തല്ലിതകര്‍ത്ത കേസില്‍ വിചാരണ നേരിടുന്ന മന്ത്രിമാരും, ഭരണകക്ഷി എംഎല്‍എമാരും രാജിവെക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കെഎം മാണിയെ ബാര്‍കോഴ കേസിന്റെ പേരില്‍ രാജിവെപ്പിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ കൂടെ നിന്ന് സമരം ചെയ്യുമ്പോള്‍ കേരള കോണ്‍ഗ്രസ് എം ഓര്‍ക്കുന്നത് നന്നാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.

എംഎല്‍എയുടെ ജനപ്രീതിയിലും യുഡിഎഫിന്റെ സ്വീകാര്യതയിലും ഉള്ള അസ്വസ്ഥതകളാണ് ഇപ്പോള്‍ നടക്കുന്ന സമരാഭാസത്തിന് പിന്നില്‍. പാലായുടെ വികസനത്തിന് നിരന്തരം തടസ്സം സൃഷ്ടിക്കുന്ന നിലപാടാണ് ഇടതുമുന്നണി നടത്തുന്നത്.

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്ന് വികസനരാഹിത്യം ചൂണ്ടിക്കാട്ടി എംഎല്‍എയ്‌ക്കെതിരെ സമരം നടത്തിയ അപഹാസ്യരായ പാരമ്പര്യമാണ് യൂത്ത് ഫ്രണ്ട് എമ്മിനും കേരള കോണ്‍ഗ്രസ് എമ്മിനും ഉള്ളത്. ഇത് ജനങ്ങള്‍ക്ക് നന്നായി അറിയാം.

ഈ രാഷ്ട്രീയ കുപ്രചരണങ്ങളെ അതിജീവിച്ചാണ് മാണി സി കാപ്പനും, ഫ്രാന്‍സിസ് ജോര്‍ജും യുഡിഎഫിനു വേണ്ടി പാലായില്‍ വിജയം നേടിയത്. അതുകൊണ്ട് തന്നെ ഇടതുമുന്നണി നടത്തുന്ന ഈ കപട നാടകങ്ങള്‍ യുഡിഎഫ് എംഎല്‍എ മാണി സി കാപ്പന്റെ തുടര്‍ വിജയങ്ങള്‍ക്ക് ഊര്‍ജ്ജമാകും എന്നും യോഗം ചൂണ്ടിക്കാട്ടി.

യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രഹാം, ഏ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, എന്‍. സുരേഷ്, ജോര്‍ജ് പുളിങ്കാട്, മോളി പീറ്റര്‍, തോമസ് ഉഴുന്നാലില്‍, അഡ്വ. ചാക്കോ തോമസ്, ജോയി സ്‌കറിയാ, ആര്‍ സജീവ്, അനസ് കണ്ടത്തില്‍, സി.ടി രാജന്‍, ആര്‍ പ്രേംജി, കുര്യാക്കോസ് പടവന്‍, സന്തോഷ് കാവുകാട്ട്, ജോസ്‌മോന്‍ മുണ്ടയ്ക്കന്‍, എം.പി കൃഷ്ണന്‍ നായര്‍, സി.ജി വിജയകുമാര്‍, തങ്കച്ചന്‍ മുളങ്കുന്നം, ജോര്‍ജുകുട്ടി, ചൈത്രം ശ്രീകുമാര്‍, അഡ്വ. സന്തോഷ് മണര്‍കാട്ട്, തങ്കച്ചന്‍ മണ്ണുശ്ശേരി, കെ.ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *