കോട്ടയം: കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്.
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ബിനോയിയുടെ പിറന്നാൾ ദിനമായതിനാൽ ഇരുവരും ചേർന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
എം. സി റോഡിൽ കോട്ടയം നാഗമ്പടം പാലത്തിലേക്ക് കടക്കുമ്പോഴാണ് ബിനോയി ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടിയത്. തുടർന്ന് റോഡിന് നടുവിലേക്ക് തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് പ്രിയയുടെ മരണത്തിന് കാരണമായത്. ബിനോയ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മക്കൾ : ഗംഗ, ഗായത്രി.