മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ സമരം നടക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം. അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് മുന്നില്‍ വയ്ക്കുന്നത്.
വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ബാച്ചുകള്‍ അനുവദിക്കുക എന്നത് മുൻനിര്‍ത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്, സര്‍ക്കാര്‍ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.