പാലാ ഡിപ്പോയുടെ ദീർഘദൂര സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു

Estimated read time 1 min read

പാലാ: കുടിയേറ്റ മേഖലയിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസുകൾ പലതും ഒന്നൊന്നായി വെട്ടിക്കുറയ്ക്കുവാൻ നടപടി ആരംഭിച്ചു. വയനാട്ടിലെ കുടിയേറ്റ പ്രദേശത്തേക്ക് കാലങ്ങളായി സർവ്വീസ് നടത്തി വരുന്ന പാലാ- പെരിക്കല്ലൂർ സർവ്വീസിനാണ് ആദ്യ പ്രഹരം നൽകിയിരിക്കുന്നത്.
ഈ സർവ്വീസ് സുൽത്താൻ ബത്തേരി വരെ സർവ്വീസ് നടത്തിയാൽ മതിയെന്നാണ് കോർപ്പറേഷൻ്റെ ഉത്തരവ്.

35000 മുതൽ 50000 രൂപ വരെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന സർവ്വീസ് കൂടിയാണിത്.പെരികല്ലൂർ നിന്നും പുറം ലോകത്തേയ്ക്കുള്ള ആദ്യ സർവ്വീസും ഇതു തന്നെയാണ്. സർവ്വീസ് വെട്ടി കുറച്ചതിനെ തുടർന്ന് പ്രതിദിന കളക്ഷനിൽ 10000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

പെരിക്കല്ലൂർ എന്ന സ്ഥലം എവിടെയാണെന്ന് ആർക്കും അറിയില്ലെന്ന് മന്ത്രിയായി ചുമതല ഏറ്റ ഉടൻ പുതിയ മന്ത്രി ഒരു യോഗത്തിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് അടൂർ ഡിപ്പോയിൽ നിന്നുള്ള പെരിക്കല്ലൂർ സർവ്വീസും കട്ട് ചെയ്തിരുന്നു. തുടർന്ന് പാലായിൽ നിന്നുള്ള സർവ്വീസ് വെട്ടിച്ചുരുക്കി.എന്നാൽ അടൂർ എം.എൽ.എയുടെ ഇടപെടലിൽ അടൂർ സർവ്വീസ് പുനരാരംഭിച്ചുവെങ്കിലും പാലാ സർവ്വീസ്‌ പുനരാരംഭിക്കുവാൻ ഇതേ വരെ തയ്യാറായിട്ടില്ല. മററ് ഡിപ്പോകളിൽ നിന്നുള്ള പെരിക്കല്ലൂർ സർവ്വീസുകൾ റൂട്ടിൽ മാറ്റം ഇല്ലാതെ സർവ്വീസ് നടത്തുന്നുമുണ്ട്.

പാലായിൽ നിന്നുമുള്ള മററ് ചില ദ്വീർഘദൂര സർവ്വീസുകളും വെട്ടിക്കുറയ്ക്കുവാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇവിടെ നിന്നും ദ്വീർഘദൂര സർവ്വീസുകൾക്ക് അയച്ചു കൊണ്ടിരുന്ന കാലപ്പഴക്കം കുറഞ്ഞ രണ്ട് ബസുകൾ കോട്ടയം ഡിപ്പോയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിമാറ്റം പാലാ ഡിപ്പോയ്ക്ക് വിനയാകുമെന്ന് യാത്രക്കാർ ഭയക്കുന്നു. പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ വിവിധ ഡിപ്പോകൾക്ക് നൽകിയിട്ടും പാലായ്ക്ക് ഒരെണ്ണവും ലഭിച്ചില്ല എന്നും ആക്ഷേപം ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് എക്കാലവും ടാർജറ്റിലും കടന്ന് ഉയർന്ന വരുമാനം നേടി കൊടുക്കുന്ന പാലാ ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നതും ബസുകൾ പിടിച്ചെടുക്കുന്നതും അവസാനിപ്പിക്കണമെന്നും കാലപ്പഴക്കം ചെന്ന ബസുകൾക്ക് പകരം പുതിയ ബസുകൾ ലഭ്യമാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ആവശ്യപ്പെട്ടു. മാനേജ്മെൻ്റിലെ ചിലരുടെ കുൽസിത നീക്കമാണ് പാലായോടുള്ള അവഗണനയെന്ന് അദ്ദേഹം പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours