pala

രോഗത്തോട് പൊരുതിയ യുവതിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയ

പാലാ: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു.

പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകട സാധ്യത വരുമെന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപെടുത്തിയത്.

വർഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്ലെറ്റ് വളരെ കുറയുന്നതിന് ചികിത്സയിലായിരുന്നു യുവതി. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഒ.റ്റി.ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് അതിവേഗത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി യുവതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചത്. കോതമംഗലം സ്വദേശിനിയാണ് രോഗങ്ങളോട് പൊരുതുന്ന 46കാരിയായ യുവതി.

വർഷങ്ങൾക്കു മുൻപ് ഗർഭകാലത്ത് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നു നടത്തിയ ബോൺമാരോ പരിശോധനയിലാണ് മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന അസുഖം യുവതിയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ കേരളത്തിലും പുറത്തും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ഇതിനിടെ രണ്ടാഴ്ച മുൻപ് വീടിന് മുകളിലെ നിലയിൽ വസ്ത്രങ്ങൾ എടുക്കാൻ കയറുന്നതിനിടെ നടയിൽ തട്ടി വീഴുകയായിരുന്നു. നടു തല്ലിയുള്ള വീഴ്ചയിൽ ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റു. തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ വീണ്ടും എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ കണ്ടെത്തി.

രക്തത്തിൽ പ്ലേറ്റ്ലെറ്റ് ആവശ്യത്തിനില്ലാത്തതിനാൽ ശസ്ത്രക്രിയ ഏറെ അപകടസാധ്യത നിറഞ്ഞതാണെന്ന വെല്ലുവിളിയാണ് ഡോക്ടർമാർക്കു മുന്നിലുണ്ടായിരുന്നത്. യുവതിയുടെ പ്രായം ഉൾപ്പെടെ സാഹചര്യം പരിഗണിച്ചാണ് ഏറെ സൂക്ഷ്മതയോടെയുള്ള ശസ്ത്രക്രിയ തീരുമാനിച്ചത്.

ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഒ.റ്റി.ജോർജിന്റെ നേതൃത്വത്തിൽ കൺസൾട്ടന്റ് ഡോ.ജോസഫ്.ജെ.പുല്ലാട്ട്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.റിക്കി രാജ്, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ശിവാനി ബക്ഷി ,അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അജിത് പി.തോമസ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. സുഖം പ്രാപിച്ച യുവതി ആശുപത്രിയിൽ നിന്ന് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *