ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും, തിടനാട് -ഭരണങ്ങാനം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിടനാട് പള്ളിപ്പടി- പടിഞ്ഞാറെ കുരിശ് ലിങ്ക് റോഡിൽ ചിറ്റാറിന് കുറുകെയുള്ള പള്ളിച്ചപ്പാത്ത് പൊളിച്ചു നീക്കി പകരം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
നിലവിലുള്ള പള്ളിച്ചപ്പാത്ത് കാലപ്പഴക്കവും, മുൻ വർഷങ്ങളിലെ പ്രളയവും മൂലം ജീർണാവസ്ഥയിൽ ആയിരുന്നതും കൂടാതെ മണ്ണും ചെളിയും മറ്റും അടിഞ്ഞുകൂടി പരിസരവാസികൾക്ക് വലിയ ദുരിതത്തിനും ഇടയാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെയും, ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതിനെ തുടർന്നാണ് നിലവിലുള്ള ചെക്ക് ഡാം പൊളിച്ചു നീക്കി പകരം സുഗമമായ വാഹന ഗതാഗത സൗകര്യം കൂടി ഒരുക്കത്തക്കവണ്ണം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കാൻ 1.90 കോടി അനുവദിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
രണ്ട് പ്രധാനപ്പെട്ട സംസ്ഥാനപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും , തിടനാട് പള്ളി , പൊതുശ്മശാനം, പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ ഇടങ്ങളിലേക്ക് ഒക്കെയുള്ള ഗതാഗത മാർഗം എന്നുള്ള നിലയിലും, പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾക്ക് പ്രധാന റോഡുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏക ഗതാഗത മാർഗം എന്നുള്ള നിലയിലും ഒക്കെ വളരെ പ്രാധാന്യമുള്ള ലിങ്ക് റോഡിലെ ചപ്പാത്ത് തകരാറിലായിരുന്നത് മൂലം ഇതുവഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമായിരുന്നു.
പുതിയ ചെക്ക് ഡാം കം ബ്രിഡ്ജ് വരുന്നതോടുകൂടി പ്രസ്തുത പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകുന്നതും, ബ്രിഡ്ജ് ഉപയോഗം വഴി റോഡ് ഗതാഗതവും കൂടുതൽ സൗകര്യപ്രദമാകുന്നതുമാണ്.പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.