pala

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഹെൽത്ത് ഡയലോഗ് സീരീസ് – ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.

ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങളെന്നു ബിഷപ് പറഞ്ഞു. പാലായുടെ ഹൃദയമാണ് മാർ സ്ലീവാ മെഡിസിറ്റി. ഹൃദയപൂർവ്വമായ സമീപനത്തോടെയാണ് ഡോക്ടർമാർ രോഗികളെ സമീപിക്കുന്നതെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. ഹെൽത്ത് ഡയലോഗ് സീരീസിന്റെ ഭാഗമായി ഹൃദ്രോഗം എങ്ങനെ തടയാം എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി നടന്നു.

ജീവിത ശൈലിയും ഹൃദ്രോഗങ്ങളും എന്ന വിഷയത്തിൽ കാർഡിയാക് സയൻസസ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രാംദാസ് നായിക് .എച്ച്, കൊറോണറി ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് സീനിയർ കൺസൾട്ടന്റ് ഡോ.ജെയിംസ് തോമസ്, ഹൃദയശസ്ത്രക്രിയകൾ എന്ന വിഷയത്തിൽ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി, ആരോഗ്യകരമായ ഹൃദയത്തിനുള്ള ഭക്ഷണങ്ങൾ എന്നത് സംബന്ധിച്ച് സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെ എന്നിവർ ക്ലാസുകൾ നയിച്ചു.

ചർച്ചയിൽ കാർഡിയാക് സയൻസസ് അക്കാദമിക് വിഭാഗം കോ ഓർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ പ്രഫ.ഡോ.രാജു ജോർജ്, സീനിയർ കൺസൾട്ടന്റ് ഡോ.ബിബി ചാക്കോ ഒളരി, കൺസൾട്ടന്റ് ഡോ.രാജീവ് എബ്രഹാം, കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ എന്നിവർ പങ്കെടുത്തു.

ആരോഗ്യകരമായ ഹൃദയത്തിന് ജീവിതശൈലിയിലെ മാറ്റങ്ങൾ അനിവാര്യം

ആരോഗ്യകരമായ ഹൃദയത്തിന് വ്യായാമവും ആഹാര രീതിയിലെ നിയന്ത്രണങ്ങളുമായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണമെന്നു ഹൃദ്രോഗ വിദഗ്ദന്മാർ. മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗം എങ്ങനെ തടയാം എന്ന വിഷയത്തിൽ നടന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുകയായിരുന്നു ഡോക്ടർമാർ.

വ്യായാമം ഇല്ലാതെ വരുന്നതും അമിതഭക്ഷണവും ശരീരത്തിൽ കൊഴുപ്പ് കൂട്ടുകയും ഹൃദ്രോഗത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ദിനവും അര മണിക്കൂർ എങ്കിലും നടത്തമോ ലഘുവ്യായാമങ്ങളോ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.

റെഡ് മീറ്റിന്റെ ഉപയോഗം കുറയ്ക്കുകയും ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുകയും വേണം. മാനസിക സമ്മർദ്ദം കുറയ്ക്കേണ്ടതും ഹൃദയാരോഗ്യത്തിനു അനിവാര്യമാണെന്നു ഡോക്ടർമാർ പറഞ്ഞു. ഹൃദയശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ വിവിധ ചികിത്സ രീതീകളെകുറിച്ചു പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്കും ഡോക്ടർമാർ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *