തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 ന്

Estimated read time 1 min read

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ നിലവിൽ പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്താത്ത 2892 ഭവനങ്ങളിൽ ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 (ശനിയാഴ്ച) രാവിലെ 10 മണിക്ക് പദ്ധതിയുടെ പ്രധാന ടാങ്കിന്റെ (ബൂസ്റ്റിംഗ് പമ്പ് ഹൗസ് ) സൈറ്റായ കല്ലേകുളത്ത് നടക്കും.

നേരത്തെ ജലനിധി പദ്ധതി പ്രകാരം 1200 ഭവനങ്ങളിൽ കുടിവെള്ള കണക്ഷനുകൾ നൽകിയിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തിൽ തന്നെ 82 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന മലങ്കര കുടിവെള്ള പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് ഹൈദരാബാദിലെ ഗ്രോമ ഇൻഫ്രസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിയാണ്.

മലങ്കര ഡാമിലെ വെള്ളം നീലൂരിൽ സ്ഥാപിക്കുന്ന 45 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് വെള്ളം ശുദ്ധീകരിച്ച് അവിടെ നിന്നും തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ വെട്ടിപ്പറമ്പിൽ 25 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിലേക്ക് ഗ്രാവിറ്റിയിലൂടെ എത്തുന്നു. 700 mm ഡി ഐ പൈപ്പിലൂടെയാണ് ഇവിടെ വെള്ളം എത്തുന്നത്. ഇതിന്റെ പണി നിലവിൽ നടന്നു വരികയാണ്.

വെട്ടിപ്പറമ്പിൽ നിന്നും തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പ് -പഞ്ചായത്ത് ജംഗ്ഷൻ – കല്ലേക്കുളം – കുളത്തുങ്കൽ – മഞ്ഞപ്ര – വാളിയാങ്കൽമല – മാടത്താനി – മലമേൽ – നാടു നോക്കി – വഴിക്കടവ് – കുരിശുമല എന്നീ സ്ഥലങ്ങളിൽ ടാങ്കുകളും ബൂസ്റ്റിംഗ് പമ്പ് ഹൗസുകളും സ്ഥാപിച്ച് വെള്ളം എത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളായ ചോറ്റുപാറ – വെള്ളികുളം – കട്ടുപ്പാറ, ഇഞ്ചപ്പാറ – മാവടി – മുപ്പതേക്കർ, ചേരിമല – നാഗപ്പാറ അറുകോൺമല എന്നീ സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചാണ് ഹൗസ് കണക്ഷനുകൾ നൽകുന്നത്.

പദ്ധതിയുടെ നിർമ്മാണത്തിനായി 80 കിലോമീറ്റർ പിവിസി പൈപ്പും, 53 കിലോമീറ്റർ ഇരുമ്പ് പൈപ്പും, 32 കിലോമീറ്റർ ഡി ഐ പൈപ്പുകളും ഉപയോഗിക്കുന്നു. പൈപ്പുകൾ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സപ്ലൈ ചെയ്തു തുടങ്ങി.

പദ്ധതിക്കായി ബൂസ്റ്റിംഗ് സ്റ്റേഷനും ടാങ്കുകളും നിർമ്മിക്കുന്നതിനായി ഇരുപതോളം പ്രദേശങ്ങളിൽ സൗജന്യമായി സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട് . ഗ്രാമപഞ്ചായത്തിലെ പ്രധാന ടാങ്ക് നിർമ്മിക്കുന്ന കല്ലേക്കുളത്തെ സ്ഥലം (8 സെന്റ് )മാത്രമാണ് താരിഫ് വില പ്രകാരം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്.

പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കല്ലേക്കുളത്ത് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് ഷോൺ ജോർജ്, റ്റി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലൻ, കെ കെ കുഞ്ഞുമോൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കിഷൻ ചന്തു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് എസ് റ്റി, അസിസ്റ്റന്റ് എൻജിനീയർ ആനന്ദ് രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ തുടങ്ങിയവർ പങ്കെടുക്കും.

പദ്ധതി നടപ്പിലാക്കുന്നതോടെ ഒരു വർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണമായി മുഴുവൻ ഭവനങ്ങളിലും കുടിവെള്ളമെത്തുമെന്ന് പ്രസിഡന്റ് കെസി ജെയിംസ് അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours