
കോട്ടയം: ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവു നായ്ക്കളുടെ മൃതശരീരം കെട്ടിത്തൂക്കി 2016 സെപ്തംബറിൽ പ്രകടനം നടത്തിയതിന് കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ വെറുതെവിട്ടു കൊണ്ട് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ജി മേനോൻ ഉത്തരവായി. കേരള കോൺഗ്രസ് യൂത്ത്ഫ്രണ്ട് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രകടനത്തിൽ നായ്ക്കളെ വിഷം കൊടുത്ത ശേഷം തലയ്ക്കടിച്ചു കൊന്ന് കെട്ടിത്തൂക്കി നടന്നു എന്നായിരുന്നു പോലീസ് കേസ്. ആറു കൊല്ലം നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.
സജി മഞ്ഞക്കടമ്പിലിനെ ഒന്നാം പ്രതിയായും , ജോജി കുറത്തിയാടൻ , സജിതടത്തിൽ, പ്രസാദ് ഉരുളികുന്നം, ജോളി മുക്കക്കുഴി, ജോയി സി കാപ്പൻ ,സാജൻ തൊട്ടുക , ജിൽസ് പെരിയപുരം,ഷാജി പുളിമൂടൻ , പ്രദീഷ് പട്ടിത്താനം,ഗൗതം എൻ നായർ ,തോമസ് പാറക്കൽ, രാജൻ കുളങ്ങര, ബിജു കുന്നേ പറബിൽ, എന്നിവർക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേർന്നതിനും മൃഗങ്ങൾക്കെതിരെ ക്രൂരത കാട്ടിയതിനുമായിരുന്നു കേസ്. പ്രതികൾക്കു വേണ്ടി അഡ്വ.മീരാ രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി.