കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഗോവ ഗവർണർ മലയാളിയായ ശ്രീധരൻപിള്ളയെ ആലുവ ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടത് മഹാ അപരാധമായി പോയി എന്ന് പ്രചരിപ്പിക്കുന്ന യുഡിഎഫ് നേതാക്കൾ രാഷ്ട്രീയ അൽപത്തമാണ് പ്രകടിപ്പിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവ് തനിക്ക് പരിചയമുള്ള ഭരണഘടന സ്ഥാനം അലങ്കരിക്കുന്ന നേതാവിനെ കണ്ടു എന്നുള്ളത് രാഷ്ട്രീയ മാന്യതയും മര്യാദയുമാണ്. വിഷയദാരിദ്ര്യം അനുഭവിക്കുന്ന ചില യുഡിഎഫ് നേതാക്കൾക്ക് മുഖ്യധാരാ വാർത്തകളിൽ നിന്നും തങ്ങൾ വിസ്മരിക്കപ്പെട്ടതിന്റെ മനോവിഷമം മൂലമാണ് ഇത്തരം അപക്വമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയ രംഗത്ത് പുലർത്തേണ്ടുന്ന വ്യക്തിത്വവും മാന്യതയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം). ഇത് സംബന്ധിച്ച് കേരള കോൺഗ്രസ് എം പാർട്ടിക്കും ചെയർമാനും ക്ലാസെടുക്കുവാൻ ആരെയും പൊതുസമൂഹം ചുമതലപ്പെടുത്തിയിട്ടില്ലഎന്നോർത്താൽ നന്ന്. എന്തിനെയും ഏതിനെയും എതിർക്കുക എന്ന ദോഷൈകദൃക്ക്കളുടെ നിലപാട് കേരളീയ സമൂഹം ഒരിക്കലും അംഗീകരിക്കില്ല.

ഭരണഘടനാപരമായി ഉയർന്ന സ്ഥാനത്ത് ഉള്ള ഗോവ ഗവർണർ ശ്രീധരൻ പിള്ളയുമായി പൊതുചടങ്ങുകളിൽ ജോസ് കെ മാണി എംപി നിരവധി തവണ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും പുലർത്താത്ത പിന്തിരിപ്പൻ സമീപനവുമായി ചിലർ രംഗത്ത് വന്നത് മറ്റെന്തോ മാനസിക വൈഷ്മ്യം മൂല മണെന്ന് വ്യക്തമാണെന്നും ഇക്കൂട്ടരുടെ ഇത്തരം പ്രസ്താവനകളെ അതർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജഫിൻ പ്ലാപ്പറമ്പിൽ , ബിനു പുളിയുറുമ്പിൽ , ഷിജോ നടുവത്തറ, അഖിൽ രാജു , രഞ്ചു പാത്തിക്കൽ , അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ, അമൽ സി കോക്കാട്ട്, ജോൺസ് തത്തംകുളം, ലിജു ജോസഫ് , ജയിംസ് പൂവത്തോലി, സുജയൻ കളപ്പുരയ്ക്കൽ, ഡേവിസ് പാബ്ലാനി തുടങ്ങിയവർ സംസാരിച്ചു.