General News

യൂത്ത് കോൺഗ്രസ് തീ കൊള്ളികൊണ്ട് തല ചൊറിയരുത്: യൂത്ത് ഫ്രണ്ട് (എം)

കോട്ടയം : മന്ത്രി റോഷി അഗസ്റ്റിനെ വഴി തടയുവാനും കൂടം കൊണ്ട് ആക്രമിക്കാനും ശ്രമിച്ചത് അപലപിനീയവും അങ്ങേയറ്റം പ്രതിഷേധമാണന്ന് യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി. യൂത്ത് കോൺഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സുധാകരനിസം അനുവദിച്ചുകൊടുക്കാൻ യൂത്ത് ഫ്രണ്ടിനാവില്ല.

ആയിരം ലിറ്റര്‍ കുടിവെള്ളം ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് ചിലവാകുന്നത് 22.85 രൂപയാണ്. എന്നാല്‍ തിരിച്ചു ലഭിക്കുന്നത് 10.92 രൂപ മാത്രമാണ്. അതായത് 1000 ലിറ്റര്‍ ജലം വിതരണം ചെയ്യുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് 11.93 രൂപയുടെ നഷ്ടം വരുന്നുണ്ട്. മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

ജലനിരക്ക് ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ ജലം സൗജന്യമായി നല്‍കുന്നതു തുടരാനും തീരുമാനിച്ചിട്ടുണ്ട്. വർഷാവർഷം 5% ഉള്ള നിരക്ക് വർദ്ധനവ് ഈ വർഷം ഉപേക്ഷിച്ചിട്ടുണ്ട്.
മികച്ച സേവനം നല്‍കുന്ന വകുപ്പായി ജല അതോറിറ്റിയെ മാറ്റിയെടുക്കാനാണ് റോഷി അഗസ്റ്റിന്റെ ശ്രമം.

വസ്തുതകൾ ഇതായിരിക്കെ വ്യാജ പ്രചരണം ഇറക്കി ഭരണത്തെ മോശമാക്കുവാനും മന്ത്രിമാരെ വഴിയിൽ തടയാനും ആക്രമിക്കുവാനും ഉള്ള സുധാകരനിസം കേരളമണ്ണിൽ വെച്ചുപൊറുപ്പിക്കാൻ ആവില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിലെ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കലാപകാരികളെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published.