Uncategorized

ലോക രക്തദാതാ ദിനം: ജില്ലാതല ദിനാചരണവും, മെഗാരക്തതദാന ക്യാമ്പും പാലായിൽ നടന്നു

പാലാ: രക്തദാനം സമൂഹത്തോടുള്ള വലിയ കരുതലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി പറഞ്ഞു. ലോകരക്തദാതാ ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിൽ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും, പാലാ ബ്ലഡ് ഫോറത്തിന്റെയും, എൻ എസ് എസ് യൂണിറ്റിൻ്റേയും നേതൃത്വത്തിൽ നടത്തിയ ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന മെഗാ രക്തദാന ക്യാമ്പ് പാലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് പി നിധിൻരാജ് ഐ.പി.എസ് രക്തം ദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ നൂറ്റിപ്പതിനഞ്ചാമത് രക്ത ദാനവും നടന്നു.

ക്യാമ്പിൽ പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ്, സെൽഫ് ഫിനാൻസിംഗ് വിഭാഗങ്ങളിലെ 100 വോളണ്ടീയർമാർ രക്‌തം ദാനം ചെയ്തു. പാലാ കിസ്കോ – മരിയൻ ബ്ലഡ്ബാങ്കും ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കുമാണ് രക്തം സ്വീകരിച്ചത്.

സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് കാലത്ത് രക്തദാന രംഗത്ത് സംഭാവനകൾ നൽകിയ സംഘടനകളെ ആദരിച്ചു. ഡി.വൈ.എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി, പാലാ ബ്ലഡ് ഫോറം, മാന്നാനം കെ ഇ കോളേജ് എൻ എസ് എസ് യൂണിറ്റ്, വടവാതൂർ എം ആർ എഫ്, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൺ, കോട്ടയം പാരഗൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സംഘടനകളെ ആദരിച്ചു.

രക്തദാനം ഐക്യദാർഢ്യം പ്രകടിപ്പിക്കലാണ് എന്നതാണ് ദിനാചരണ സന്ദേശം. സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. പാലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് പി നിധിൻരാജ് ഐ.പി.എസ് , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ ജെയിംസ് ജോൺ മംഗലത്ത്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബുതെക്കേമറ്റം, മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, ഡോ പി ഡി ജോർജ് എന്നിവർ സംസാരിച്ചു.

സജി വട്ടക്കാനാൽ, കെ ആർ ബാബു, കെ ആർ സുരജ്, ജയ്സൺ പ്ലാക്കണ്ണി, ജോമി സന്ധ്യാ, ആർ അശോകൻ, സ്ഥിതപ്രഞ്ജൻ, എന്നിവർ പരിപാടികൾക്ക് നേതൃത്യം നല്കി.

Leave a Reply

Your email address will not be published.