accident

കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ച് കടക്കുമ്പോള്‍ ബസിന് അടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി

കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തി. യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ച് കുറിച്ചി സ്വദേശിനി അമ്പിളിയെ രക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.

സ്കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനാല്‍ യുവതിയെ വാഹനം ഇടിച്ചില്ല.

എന്നാല്‍ റോഡില്‍ വീണ യുവതിയുടെ മുടി ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. സമീപത്ത് തട്ടുകട നടത്തിയിരുന്നയാള്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. വീഴ്ചയില്‍ അമ്പിളിയുടെ തലയില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇത്തിത്താനത്തെ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയാണ് അമ്പിളി.

Leave a Reply

Your email address will not be published.