കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത, കോട്ടയത്ത് ഇന്നു ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ജൂണ്‍ 26 വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച (2020 ജൂണ്‍ 27) കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലകളിലെ കാലാവസ്ഥ പ്രവചനം

ജൂണ്‍ 26നു പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 27 ന് കോഴിക്കോട്, വയനാട് ജില്ലകളിലും അതിതീവ്ര മഴക്കും, ജൂണ്‍ 26 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അതിശക്തമായ മഴക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴ കൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറില്‍ 115 മില്ലിമീറ്റര്‍ മുതല്‍ 204  മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ആയതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

2020 ജൂണ്‍ 26നു തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 2020 ജൂണ്‍ 27നു എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഈ ജില്ലകളില്‍ അതേ ദിവസങ്ങളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂണ്‍ 28ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 2020 ജൂണ്‍ 29ന് മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

*******

Join our WhatsApp Group // Like our Facebook Page // Send News


You May Also Like

Leave a Reply