മുണ്ടക്കയം : പാറത്തോട്, പൂഞ്ഞാർ, തിടനാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ മാളിക പ്രദേശത്തെ പ്രകൃതിരമണീയമായ വേങ്ങത്താനം അരുവി വെള്ളച്ചാട്ടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാൽ കാലങ്ങളായി യാതൊരു അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷിതത്വ ക്രമീകരണങ്ങളും ഇല്ലാതിരുന്നതു മൂലം വെള്ളച്ചാട്ടത്തിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പല മരണങ്ങൾക്കും ഇടവന്നിട്ടുണ്ട്. സമീപനാളിലും ആനക്കല്ല് സ്വദേശിയായ ഒരു യുവാവ് വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് മരണമടയുകയുണ്ടായി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുത്തു കൊണ്ട് ഈ വെള്ളച്ചാട്ടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുകയും, അതിൽ തന്നെ സുരക്ഷിതത്വത്തിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും, അടിസ്ഥാന സൗകര്യ വികസനത്തിനും, സുരക്ഷിതത്വ ക്രമീകരണങ്ങൾക്കുമായി ടൂറിസം വകുപ്പിൽ നിന്നും 28 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ഇപ്പോൾ ഈ തുക ഉപയോഗിച്ച് സുരക്ഷിതത്വ വേലികൾ, വ്യൂ പോയിന്റ്, വെള്ളച്ചാട്ടത്തിലേയ്ക്ക് ഇറങ്ങുന്നതിന് കവേർഡ് ലാഡർ തുടങ്ങി സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കപ്പെട്ടിരിക്കുകയാണ് . ഇപ്പോൾ നിർമ്മാണങ്ങൾ പൂർത്തീകരിച്ചു.ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവർത്തനം ജില്ലാ ടൂറിസം കൗൺസിലിന്റെ സഹകരണത്തോടുകൂടി പാറത്തോട് ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ അറിയിച്ചു.
നയന മനോഹരമായ 150 അടിയോളം താഴ്ചയിലേക്കുള്ള ഈ വെള്ളച്ചാട്ടം, ഉയർന്ന മലനിരയായ കോതചാടിപ്പാറ, പ്രകൃതിദത്തമായ ഗുഹ എന്നിവയൊക്കെ വേങ്ങത്താനം അരുവിയുടെ ആകർഷണങ്ങളാണ്. സഞ്ചാരികൾക്ക് വ്യൂ പോയിന്റിൽ നിന്ന് ഇവയൊക്കെ ദർശിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ സ്റ്റെപ്പ് കെട്ടി താഴ് വാരത്തിലെത്തിയും വെള്ളച്ചാട്ടം ദർശിക്കാൻ കഴിയും വിധം മറ്റ് കൂടുതൽ സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തി ടൂറിസം പദ്ധതി രണ്ടാംഘട്ടവും ആവിഷ്കരിച്ച് നടപ്പിലാക്കി ആഭ്യന്തര- വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ തക്കവണ്ണം ഈ ടൂറിസം കേന്ദ്രം വികസിപ്പിക്കുമെന്നും എം. എൽ.എ കൂട്ടിച്ചേർത്തു.
പൂർത്തീകരിക്കപ്പെട്ട പ്രവർത്തികളുടെ ഔപചാരിക ഉദ്ഘാടനം മുപ്പതാം തീയതി ഉച്ചകഴിഞ്ഞ് 2 .30 ന് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയുടെ നിർമ്മാണ നിർവഹണ ഏജൻസി ആയിരുന്ന സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ ചെയർമാൻ അഡ്വ. മുഹമ്മദ് ഇഖ്ബാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.ആർ അനുപമ, അഡ്വ.സാജൻ കുന്നത്ത്, ജിജിമോൾ ഫിലിപ്പ് , ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീന ജോസഫ് , ടി രാജൻ, ഡയസ് മാത്യു കോക്കാട്ട്, ഓൾവിൻ കെ. തോമസ്, ഷാന്റി തോമസ്, സുശീല മോഹൻ, അന്നമ്മ വർഗീസ്, കെ യു അലിയാർ, സുമിന അലിയാർ, ജോസിന അന്ന ജോസ് , ആന്റണി മുട്ടത്തു കുന്നേൽ, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹൻ, കെ.എ സിയാദ് ,ഷാലിമ്മ ജെയിംസ്, കെ.പി സുജീലൻ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരായ പി.കെ ബാലൻ, കെ.ജെ തോമസ് കട്ടക്കൽ , സി.കെ ഹംസ, ടി എം ഹനീഫ, പി എം സൈനുലാബ്ദീൻ,സിബി നമ്പുടാകം,ബിനു ഡൊമിനിക് ഇല്ലിക്കമുറിയിൽ,കെ. എൻ. രാജേഷ്, ആന്റണി അറക്കപ്പറമ്പിൽ,കെ. കെ. ശശികുമാർ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിക്കും.