വാകക്കാട്: ലഹരിക്കെതിരെ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ. ലഹരിക്കെതിരെ ഗണിതലഹരി എന്ന പ്രോഗ്രാമിന് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. ലഹരിക്കെതിരെ ഗണിതലഹരി എന്ന ട്രെയിനിങ് പ്രോഗ്രാം അമേരിക്കയിലെ ന്യൂ മെക്സിക്കോ സ്റ്റേറ്റ് എക്സലെൻ്റ് അവാർഡ് ജേതാവും ഗ്യാലപ് മക്കിൻലി കൗണ്ടി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനുമായ സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ഗണിതത്തിലെ സുഡോക്കു, ചെസ്സ്, പസ്സിൽസ്, ഗെയിംസ്, കുസൃതിക്കണക്കുകൾ, ഗണിത കൗതുകങ്ങൾ എന്നിവയിലേക്കൊക്കെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അങ്ങനെ ഒരു പരിധി വരെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനും പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നു. കൂടാതെ ഇങ്ങനെയുള്ള വിവിധ കളികളിൽ അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നതു വഴിയായി അവരുടെ ചിന്താമണ്ഡലം വികസിക്കുകയും പഠനത്തോടു കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യും.
കുട്ടികൾ വീടുകളിൽ ചെന്ന് സഹോദരങ്ങളും മാതാപിതാക്കളുമൊക്കെയായി ഗണിതകളികളിലും മറ്റു ഗെയിമുകളിലുമൊക്കെ ഏർപ്പെടുമ്പോൾ കുടുംബ ബന്ധങ്ങളും കൂടുതൽ ദൃഢമാകുന്നു. ഇതും ലഹരിയെ ഒരു പരിധിവരെ വീടുകളിൽ നിന്ന് അകറ്റിനിർത്തുന്നതിന് സഹായകമായി തീരും.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പി റ്റി എ പ്രസിഡൻ്റ് റോബിൻ എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്ര അധ്യാപകരായ ജോസഫ് കെ വി, ബിൻസി അഗസ്റ്റിൻ, മനു കെ ജോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നല്കുന്നു. ഗണിതശാസ്ത്ര ക്ലബ് അംഗങ്ങളായ അൽഫോൻസാ, അമൃത, ആവണി, അലക്സിൻ, റൂബിൻ, എൽവിൻ, ജോയൽ എന്നിവർ പരിശീലന പരിപാടികൾക്ക് മേൽനോട്ടം നല്കുന്നു.