വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടി: അറസ്റ്റിലായവരില്‍ മോഡലും; സംഘടിപ്പിച്ചത് വാട്‌സാപ് കൂട്ടായ്മ, അന്വേഷണം ശക്തമാക്കാന്‍ പോലീസ്

കൊച്ചി: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായവരില്‍ കൊച്ചി സ്വദേശിനിയായ മോഡലും. മാതാപിതാക്കള്‍ ബംഗാളുകാരായ ഈ മോഡല്‍ ജനിച്ചതും വളര്‍ന്നതും കൊച്ചി തൃപ്പൂണിത്തുറയിലാണ്. ചില സിനിമകളിലും ഈ മോഡല്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി പോലീസ് വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷകര്‍ത്താക്കളുമായി സംസാരിച്ചു. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. 25 സ്ത്രീകള്‍ ഉള്‍പ്പെടെ 60 പേരാണ് നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായത്.

അറസ്റ്റിലായ നബീലും സല്‍മാനുമാണ് വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ‘ആട്രാ ആട്രാ’ എന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയന്‍, തൊടുപുഴ സ്വദേശി അജ്മല്‍ എന്നിവരാണ് വാട്‌സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.

മൂന്നു പേരുടെ പിറന്നാള്‍ ആഘോഷത്തിനാണു വാഗമണ്ണില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ചെലവും ഇവരുടെ വകയായിരുന്നു. കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചതു തൊടുപുഴ സ്വദേശിയായ സഹീര്‍ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിശാപാര്‍ട്ടിക്ക് എത്തിച്ച എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply