കെ.എസ്.ഇ.ബി. മരങ്ങാട്ടുപിള്ളി സെക്ഷനിൽ ഉഴവൂർ സബ് ഡിവിഷന്റെ കീഴിലുള്ള ബിൽ കളക്ഷൻ സെന്റർ ആഴ്ചയിൽ രണ്ട് ദിവസം വീതം ഗ്രാമപഞ്ചായത്ത് വക അനക്സ് കെട്ടിടത്തിൽ നാളിതുവരെ പ്രവർത്തിച്ചുവന്നിരുന്നു.
ആഴ്ചയിൽ രണ്ട് ദിവസം മാത്രമായിരുന്നു പ്രവർത്തനം എങ്കിലും സാധാരണക്കാരായ ആളുകൾ കളക്ഷൻ സെന്ററിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തിയിരുന്നതും, മരങ്ങാട്ടുപിള്ളി സെക്ഷനിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന സെന്ററുകളിൽ ഒന്നുമായിരുന്നു ഉഴവൂരിലേത്.

പ്രസ്തുത കളക്ഷൻ സെന്ററിന്റെ പ്രവർത്തനം അനിശ്ചിത കാലത്തേയ്ക്ക് നിർത്തിവച്ചത് മൂലം ബിൽ അടവാക്കുന്നതിലേയ്ക്ക് ആളുകൾക്ക് മരങ്ങാട്ടുപിള്ളി ഓഫീസിനെ തന്നെയോ, അക്ഷയ കേന്ദ്രങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നിരിക്കുന്നു എന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണ്.
ആയതിനാൽ തന്നെ പൊതുജനങ്ങൾക്ക് ഏറ്റവും സൌകര്യപ്രദമായ രീതിയിൽ ഗ്രാമപഞ്ചായത്ത് വക അനക്സ് കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.എസ്.ഇ.ബി. ബിൽ കളക്ഷൻ സെന്ററിന്റെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം എന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയം ബഹു എം എൽ എ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തി അടിയന്തിര ഇടപെടൽ ആവശ്യപ്പെടും എന്നും പ്രസിഡന്റ് അറിയിച്ചു. ഇതിലേയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള സഹകരണം തുടർന്നും ഉണ്ടാകുമെന്നും ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.