ഉഴവൂർ പഞ്ചായത്തിലെ സ്വകാര്യഫാമുകളിൽ പന്നിപനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ദയാവധം നടത്തിയെന്നും, രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നി മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമുകളിലെ എല്ലാ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ദയാവധം നടത്തി സംസ്‌ക്കരിച്ചത് . ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 66 ഓളം പന്നികളെയാണ് ദയാവധം നടതിയത് . ഫാമുകളും പരിസരവും അണുവിമുക്തമാക്കിയതായി മൃഗ ഡോക്ടർ ശ്രീനാഥ് അറിയിച്ചു.

പന്നിമാംസം വിൽക്കുന്നവരും, പന്നി വളർത്തുന്നവരും ജാഗ്രത പാലിക്കണം എന്നും, പന്നികളെ ദയാവദം നടത്തേണ്ടി വന്ന കർഷകർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം എന്നും പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആവശ്യപ്പെട്ടു. പന്നികളിൽ നിന്നും മനുഷ്യനിലേക്ക് ഒരു ശതമാനം പോലും രോഗം പടരാനുള്ള സാധ്യത ഇല്ലാത്തതിനാൽ പൊതുജനങ്ങൾ ആശങ്കപെടേണ്ടതില്ല.