Pala News

അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പാലായിൽ തുടക്കമായി

പാലാ: കേരള ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. മന്ത്രി വി എൻ വാസവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം എൽ എ, പ്രൊഫ സതീഷ്കുമാർ ചൊള്ളാനി, ബിജി ജോജോ, മുനിസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കകണ്ടം, ലാലിച്ചൻ ജോർജ്, പി എം ജോസഫ്, ബിനീഷ് ചൂണ്ടച്ചേരി, സംഘാടക സമിതി ഭാരവാഹികളായ കെ അജി, കെ എസ് പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

ആദ്യ മത്സരത്തിൽ ഇടുക്കി കണ്ണൂരിനെ (2-0) തോൽപ്പിച്ചു. തുടർന്നു നടന്ന മത്സരങ്ങളിൽ മലപ്പുറം ആലപ്പുഴയെ (3-0) യും പരാജയപ്പെടുത്തി. നാളെ രാവിലെ 7 ന് ആലപ്പുഴ കണ്ണൂരിനെയും 8.30 ന് മലപ്പുറം ഇടുക്കിയെയും 3 ന് കണ്ണൂർ മലപ്പുറത്തെയും 4.30 ന് ഇടുക്കി ആലപ്പുഴയെയും നേരിടും.

എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.

പാലാ സ്പോർട്ട്സ് അക്കാദമിയും ജി വി രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻ ഷിപ്പിന് ആതിഥ്യമരുളുന്നത്. ചാമ്പ്യൻഷിപ്പ് 17 ന് സമാപിക്കും.

Leave a Reply

Your email address will not be published.