ജയിക്കാന്‍ പിസി ജോര്‍ജ് മുന്നണിയില്‍ വേണം; യുഡിഎഫ് നിലപാട് മാറുന്നു?

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനോട് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട് അയയുന്നതായി സൂചന. കോട്ടയം ജില്ലയില്‍ വിജയിക്കാന്‍ പിസി ജോര്‍ജിനെ ഒപ്പം കൂട്ടണം എന്ന നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന് ഉള്ളത്.

പലകുറി യുഡിഎഫ് മുന്നണിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച പിസി ജോര്‍ജിനോട് അകലം പാലിച്ചു പോന്നിരുന്ന യുഡിഎഫിനെ ചിന്തിപ്പിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയുമായി സഹകരിക്കാന്‍ സമ്മതമാണെന്ന് പിസി ജോര്‍ജ് അറിയിച്ചിരുന്നുവെങ്കിലും യുഡിഎഫ് എതിര്‍ത്തതുമൂലം ജനപക്ഷം ഒറ്റയ്ക്കാണ് മല്‍സരിച്ചത്.

ഇതുമൂലം യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. കൈവശം വെച്ചിരുന്ന കോട്ടയം ജില്ലയിലെ പല പഞ്ചായത്തുകളും കൈവിട്ടുപോയതും യുഡിഎഫിന് തിരിച്ചടിയായി. അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം മൂലമുണ്ടായ നഷ്ടം നികത്താന്‍ പിസി ജോര്‍ജിന്റെ ജനപക്ഷത്തെ കൂടെ നിറുത്തുന്നതിലൂടെ സാധിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ഉപാധികളില്ലാതെ ആയിരിക്കില്ല പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനം. പൂഞ്ഞാറും പാലായും അടക്കം അഞ്ചു സീറ്റെങ്കിലും വേണമെന്നാണ് പിസി ജോര്‍ജിന്റെ നിലപാട്.

കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളും ജനപക്ഷം ചോദിച്ചിട്ടുണ്ട്. ഇത്രയും സീറ്റുകള്‍ നല്‍കിയില്ലെങ്കിലും പൂഞ്ഞാറിനു പുറമെ ഒരു സീറ്റു കൂടെയെങ്കിലും ജനപക്ഷത്തിനു നല്‍കാനാണ് സാധ്യത.

ജോസ് കെ. മാണി പാലായില്‍ ഇടത് സ്ഥാനാര്‍ഥിയായി മല്‍സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. മാണി സി. കാപ്പന്‍ യുഡിഎഫിലെത്തുകയാണെങ്കില്‍ മാത്രമേ ഇതിനു മാറ്റമുണ്ടാകൂ എന്നാണ് പിസിയുടെ നിലപാട്.

മറുവശത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നു ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച ഷോണ്‍ ജോര്‍ജ് നേടിയ മികച്ച വിജയവും യുഡിഎഫിന് തിരിച്ചടിയായി. ഇരു മുന്നണികളെയും നിഷ്പ്രഭമാക്കിയാണ് ഷോണ്‍ വിജയിച്ചത്. ഒരു ജില്ലാ പഞ്ചായത്ത് സീറ്റും എട്ട് ഗ്രാമപ്പഞ്ചായത്ത് സീറ്റുകളും ജനപക്ഷം സ്വന്തമാക്കി.

എന്നാല്‍ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് നിര്‍ണായകമാവുക പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടക്കുകയെന്നതാണ്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളിലെ കോണ്‍ഗ്രസ് ലീഗ് നേതൃത്വം പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് എതിരാണ്. ഈ എതിര്‍പ്പ് മറികടക്കുകയാണ് യുഡിഎഫ് നേതൃത്വത്തിന്റെയും പിസി ജോര്‍ജിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി.

മുന്‍പ് പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ എതിര്‍ത്തിരുന്ന കോട്ടയം ഡിസിസി ഇക്കുറി നിശ്ശബ്ദത പാലിക്കുകയാണ്. കൂടുതല്‍ മണ്ഡലങ്ങളില്‍ ജനപക്ഷം നിര്‍ണായക ശക്തിയാകുമെന്ന് ഷോണ്‍ ജോര്‍ജും പറഞ്ഞു.

ജനാധിപത്യ ചേരിയിലുള്ള എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞതും പിസി ജോര്‍ജിനെ മുന്നണിയിലേക്ക് എടുത്തേക്കും എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply