mundakkayam

മുണ്ടക്കയം ബസ്റ്റാന്റ് ഭാഗത്തെ തിലകൻ സ്മാരകം,വികസന മുരടിപ്പിന് ഇടയാക്കുമെന്നും ഉദ്ഘാടനം ബഹിഷ്കരിക്കുമെന്നും യുഡിഎഫ്

മുണ്ടക്കയം: പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് തിലകൻ സ്മാരക സാംസ്കാരിക നിലയ നിർമ്മിക്കുന്നതിനെതിരെ യുഡിഎഫ് രംഗത്ത്. തിലകന് സ്മാരകം ഉയരുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിക്കുന്നത് ബസ് സ്റ്റാൻഡിന്റെ വികസന മുരിടുപ്പിന് ഇടയാക്കുമെന്നും യുഡിഎഫ് നേതാക്കളായ നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി എന്നിവർ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്റ്റാൻഡുകളിൽ ഒന്നാണ് മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാൻഡ്. ഓട്ടോ സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ്, നിരവധി സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിന് സമീപത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കാപ്പിത്തോട്ടം- പാറയമ്പലം ഭാഗത്തെ ആളുകൾ സഞ്ചരിക്കുന്നതും മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെയാണ്. സാംസ്കാരിക നിലയം കൂടി ഇതിനോട് ചേർത്ത് നിർമ്മിച്ചാൽ വലിയ ഗതാഗത പ്രശ്നത്തിന് ഇത് വഴിവെക്കും.

നിലവിൽ കെഎസ്ആർടിസിക്ക് മുണ്ടക്കയത്ത് പ്രത്യേക സ്റ്റാൻഡ് ഇല്ല. നൂറിൽ അധികം സർവീസുകൾ നടത്തുന്ന കെഎസ്ആർടിസിക്കായി നിലവിലെ സ്റ്റാൻഡിനോട് ചേർന്ന് സൗകര്യം ഒരുക്കിയാൽ അത് യാത്രക്കാർക്ക് ഗുണകരമാകും. നിർദിഷ്ട തിലകൻ സ്മാരക സാംസ്കാരിക നിലയം നിർമിക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചാൽ പഞ്ചായത്തിന് വലിയ വരുമാന നേട്ടവുമാകും.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൈങ്ങനായിലേയോ പുത്തൻചന്തിയിലയോ സാംസ്കാരിക നില നിർമിക്കുന്നതാണ് ഉചിതം എന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി തറക്കല്ലിടിയിൽ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ഷാജി അറത്തിൽ, ടി.സി. സൈദ് മുഹമ്മദ്, സിജു കൈതമറ്റം, ജിനിഷ് മുഹമ്മദ്,സിനി മോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ഷീബ ദിഫാൻ, കുട്ടിയച്ഛൻ അയുലുക്കുന്നേൽ.എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.