ഈരാറ്റുപേട്ട: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുഡിഎഫ് മുന്നണിയില്‍ എത്താന്‍ ശ്രമിക്കുന്ന പിസി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാക്കി പൂഞ്ഞാറിലെ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വം.
2016 ല്‍ യുഡിഎഫിനു തുടര്‍ഭരണം നഷ്ടപ്പെടുത്തിയത് പിസി ജോര്‍ജിന്റെ തെറ്റായ പ്രചരണങ്ങളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രാദേശിക നേതൃത്വം പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.
യുഡിഎഫ് മണ്ഡലം കമ്മറ്റി പ്രമേയം പാസാക്കിയതിനു പിന്നാലെ പി സി ജോര്‍ജിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്നും കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും മുന്‍ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാനുമായ നിസാര്‍ കുര്‍ബാനി പറഞ്ഞു.
രാഷ്ട്രീയത്തില്‍ യാതൊരുവിധ ധാര്‍മ്മികതയും പുലര്‍ത്താത്തയാളാണ് പിസി ജോര്‍ജെന്നും കുര്‍ബാനി ആരോപിച്ചു. നിസാര്‍ കുര്ബാനിക്കൊപ്പം ഈരാറ്റുപേട്ടയിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിടുമെന്ന് അറിയിച്ചു. എല്ലാവരും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെക്കും. പ്രാദേശികമായുള്ള കടുത്ത എതിര്‍പ്പുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഈരാറ്റുപേട്ടയിലെ യുഡിഫ് നേതാക്കള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പണക്കാട് തങ്ങള്‍ എന്നിവരെ കണ്ടു.
ഈരാറ്റുപേട്ടയിലെ പൗരപ്രമുഖരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചുള്ള കത്തും നല്കി. നേരത്തെ പൂഞ്ഞാറിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിനെതിരെ രംഗത്തു വന്നിരുന്നു. ഏതാനും മാസം മുന്‍പ് പി സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനായി ചര്‍ച്ചയ്ക്കു വന്ന ജോസഫ് വാഴയ്ക്കനെ പൂഞ്ഞാറില്‍ വെച്ച് കോണ്‍ഗ്രസുകാര്‍ തടഞ്ഞു വെക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
പി സി ജോര്‍ജിനെതിരെ പ്രമേയം പാസാക്കിയ യോഗത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.
അഡ്വ. മുഹമ്മദ് ഇല്ല്യാസ്, കെ സി ജയിംസ്, ചാള്‍സ് ആന്റണി, പി എച്ച് നൗഷാദ്, എം പി സലീം, ലത്തീഫ് വെള്ളൂപ്പറമ്പില്‍, റസീം മുതുകാട്ടില്‍, സിറാജ് കണ്ടത്തില്‍, അമീന് പിട്ടയില്‍, റിയാസ് പ്ലാമൂട്ടില്‍, ഒ ബി യാഹ്യ, അഡ്വ. പീര്‍ മുഹമ്മദ് ഖാന്, അഡ്വ.ജോമോൻ ഐക്കര, അഡ്വ.വി.ജെ. ജോസ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്കി.