കോട്ടയം: ജി എസ് ടി കൗൺസിലിന്റെ വ്യാപാര ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 30 ന് ജി എസ് ടി കൗൺസിൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
മുൻവർഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരിൽ ഈടാക്കുന്ന ലേറ്റ് ഫീ പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക, ടെസ്റ്റ് പർച്ചേയ്സിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക. ചെറിയ പിഴവുകൾക്ക് ഭീമമായ പിഴ ചുമത്തുന്ന ജി എസ് ടി കൗൺസിലിന്റെ തെറ്റായ സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കപ്പെടുന്നത്.
രാവിലെ 10 ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്നാരംഭിക്കുന്ന മാർച്ച് നാഗമ്പടത്തെ ജി എസ് ടി കൗൺസിൽ ഓഫീസിന് മുൻപിൽ സമാപിക്കും. തുടർന്നു നടക്കുന്ന ധർണ്ണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന-ജില്ലാ-താലൂക്ക് നേതാക്കൾ ധർണ്ണയിൽ സംസാരിക്കും.
വ്യാപാര മേഖലയിൽ അലയടിക്കുന്ന പ്രതിഷേധത്തിന് സമരമുഖം തീർക്കുവാനായി സംഘടിപ്പിച്ചിരിക്കുന്ന ഈ പ്രതിഷേധ സമരത്തിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ പി എ അബ്ദുൽ സലീം എന്നിവർ അറിയിച്ചു.