പാലാ . ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയ 74 വയസുള്ള രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ടിവാർ (തൊറാസിക് എൻഡോവാസ്കുലർ അയോർട്ടിക് റിപ്പയർ ) ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. ഇടുക്കി സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ഒരു വർഷം മുൻപ് വയറ്റിൽ വേദനയെ തുടർന്നു ഈ രോഗി ചികിത്സ തേടിയിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ നിന്നുള്ള പ്രധാന രക്തധമനിയിൽ വീക്കം കണ്ടെത്തി. രക്തം പുറത്തേക്ക് ഒഴുകുന്ന നിലയിലായിരുന്നു. തുടർന്നു നടത്തിയ ശസ്ത്രകിയയിലൂടെ രോഗം മാറി.
അടുത്തിടെ രോഗിയുടെ മലത്തിലൂടെ രക്തം പോകുന്നത് കണ്ടതിനെ തുടർന്നു വീണ്ടും ചികിത്സ തേടുകയായിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ രക്തധമനിയിൽ വീണ്ടും വീക്കം കണ്ടെത്തുകയായിരുന്നു. പ്രായമുള്ള രോഗിയായതിനാൽ ആധുനിക രീതിയിലുള്ള ടിവാർ ശസ്ത്രക്രിയയാണ് നിർദേശിച്ചത്.
ഇടുപ്പ് ഭാഗത്ത് ചെറിയ സുഷിരമിട്ട ശേഷം സ്റ്റെൻഡ് കടത്തിവിട്ട് രക്തധമനിയിലെ വീക്കം പരിഹരിക്കുന്ന ചികിത്സയാണിത്. വലിയ മുറിവ് ഇല്ല എന്നതും പെട്ടെന്ന് തന്നെ ഡിസ്ചാർജ് ആയി മടങ്ങാം എന്നതും ഈ ചികിത്സയുടെ പ്രത്യേകത ആണ്.

സുഖം പ്രാപിച്ച 74 വയസുള്ള രോഗി രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് മടങ്ങി. കാർഡിയാക് തൊറാസിക് ആൻഡ് വാസ്‌ക്കുലർ സർജറി വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ഡോ.കൃഷ്ണൻ.സി, കാർഡിയാക് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ.നിതീഷ് പി.എൻ.എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.