തീക്കോയി : എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സംസ്ഥാനത്ത് അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന തൊഴിൽ സഭായോഗങ്ങൾ തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.

ഗ്രാമപഞ്ചായത്തിലെ 2,3,4, 9,10 വാർഡുകളിലെ തൊഴിൽ സഭയാണ് പീപ്പിൾസ് ലൈബ്രറി ഹാളിൽ വച്ച് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിബി രഘുനാഥൻ, മാളു ബി മുരുകൻ, ദീപാ സജി, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, പഞ്ചായത്ത് ഹെഡ് ക്ലർക്ക് എ പത്മകുമാർ, കില ആർ പി രാജേന്ദ്രപ്രസാദ്, വ്യവസായിക വകുപ്പ് ഇന്റേൺ നിതിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

തൊഴിൽ സഭയുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദർശനവും ഗ്രൂപ്പ് ചർച്ചകളും ഓൺലൈൻ രജിസ്ട്രേഷനും ഇതിനോടൊപ്പം നടന്നു. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ രണ്ടാമത്തെ തൊഴിൽ സഭായോഗം പന്ത്രണ്ടാം തീയതി 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.