കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണങ്ങളുടെ വിതരണം ചെയ്യുന്ന ചടങ്ങില്‍ വികാരനിര്‍ഭരനായി തോമസ് ചാഴികാടന്‍ എംപി. കോട്ടയം ബിസിഎം കോളജില്‍ നടന്ന ചടങ്ങിന്റെ മുന്‍ നിരയില്‍ ഇരിക്കുന്ന ഭിന്നശേഷിക്കാരെ സ്വാഗതം ചെയ്യുമ്പോഴാണ് പൊതുവേ സൗമ്യനായ ചാഴികാടന്‍ വിതുമ്പിയത്. പ്രസംഗം പാതിയില്‍ മുറിഞ്ഞ് കുറച്ചു നിമിഷങ്ങള്‍ അദ്ദേഹം നിശബ്ദനായി നിന്നു. ചാഴികാടന്റെ വേദന ഉള്‍ക്കൊണ്ട മുന്‍നിരയിലെ ഭിന്നശേഷിക്കാര്‍ കയ്യടികളോടെ അദ്ദേഹത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തിയതും മനോഹരമായ നിമിഷങ്ങളായിരുന്നു.
തന്റെ 32 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെന്നാണ് ചടങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സാമൂഹിക നീത വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗമായ തോമസ് ചാഴികാടന്റെ നിരന്തരമായ ഇടപെടലാണ് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന നടപടിയിലേക്ക് എത്തിയത്. അലിംകോയുടെ നേതൃത്വത്തിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മാസങ്ങള്‍ നീണ്ട സര്‍വേയിലൂടെ 1258 പേരെ കണ്ടെത്തിയതിനും മറ്റും അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. പമ്പാടി, പള്ളം, ഏറ്റുമാനൂര്‍ ബ്ലോക്കിലെയും കോട്ടയം ഏറ്റുമാനൂര്‍ നഗരസഭയിലെയും ഭിന്നശേഷിക്കാര്‍ക്കാണ് ഇന്നലെ ഉപകരണങ്ങള്‍ വിതരണം ചെയ്തത്