
സോളാർ, തൊഴിൽ തട്ടിപ്പ് കേസുകളിലെ പ്രതിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മുൻ എം.എൽ എ യും ജനപക്ഷം നേതാവുമായ പി.സി.ജോർജ് പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കി.
മൂന്നു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10 നും ഉച്ചകഴിഞ്ഞ് 1 മണിക്കുമിടയിൽ സിറ്റി മ്യൂസിയം സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ ഉത്തരവിലെ രണ്ടാം വ്യവസ്ഥ . ഇത് നീക്കി കിട്ടണമെന്നാവശ്യപ്പെട്ട് ജോർജ് സമർപ്പിച്ച ഹർജിയിലാണ് മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രന്റെ ഉത്തരവ്.
2022 ഫെബ്രുവരി 10 നു വൈകിട്ട് നാലിന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ റൂം നമ്പർ 404 ൽ വെച്ച് തന്നെ പി.സി.ജോർജ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പി.സി.ജോർജിനെ മറ്റൊരു കേസിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് യുവതിയുടെ പരാതിയിൽ മ്യൂസിയം പോലീസ് പൊടുന്നനെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, അന്നു രാത്രി തന്നെ അദ്ധേഹത്തിന് കോടതി ജാമ്യം അനുവദിച്ചു.