നേർച്ചപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കുന്നയാൾ പിടിയിൽ

ഈരാറ്റുപേട്ട: തീക്കോയി പള്ളിയുടെ നേർച്ചപ്പെട്ടിയിൽനിന്ന് കമ്പിയും പശയും ഉപയോഗിച്ച് പണം മോഷ്ടിച്ചയാളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.

പാലാ വിളക്കുമാടം സ്വദേശി ജോഷി എന്നറിയപ്പെടുന്ന ജോസഫ്(46) ആണ് പിടിയിലായത്. തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേർച്ചപ്പെട്ടിയിൽനിന്ന് പണം നഷ്ടപ്പെട്ടുവെന്ന പള്ളി അധികാരികളുടെ പരാതിയിലാണ് പാലാ ഡി.വൈ.എസ്.പി. സാജു വർഗീസിന്റെ നിർദ്ദേശാനുസരണം ഈരാറ്റുപേട്ട പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.

Advertisements

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ വിളമ്പാനെത്തിയ ആളിലേക്ക് സംശയം നീണ്ടത്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.

വഴക്കമുള്ള ചെറിയ കമ്പി കഷണത്തിൽ ച്യൂയിംഗ് ഗം തേച്ചു പിടിപ്പിച്ച ശേഷം നേർച്ചപ്പെട്ടിക്കുള്ളിൽ കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതി.

മോഷണത്തിനുപയോഗിക്കുന്ന ടെലഫോൺ കേബിൾ പ്രതിയിൽനിന്നും കണ്ടെടുത്തു. ഇതേ മാതൃകയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.

എസ്.ഐ. അനുരാജ് എം.എച്ച്, ഷാബുമോൻ ജോസഫ്, ഷാജിദീൻ റാവുത്തർ, അരുൺ ചന്ദ്, ജിനു കെ.ആർ, കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

You May Also Like

Leave a Reply