തടവനാല്‍ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ തിങ്കളാഴ്ച നിര്‍വഹിക്കും

ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി 10 കോടി രൂപാ ചിലവില്‍ നിര്‍മ്മിക്കുന്ന ഈരാറ്റുപേട്ട ബൈപ്പാസിന്റെ ഒന്നാം ഘട്ടമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തടവനാല്‍ പാലത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ജൂലൈ 6) നടക്കും.

രാവിലെ 11 ന് ബഹു.കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വ്വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ പി.സി.ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം.പി, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.

3.20 കോടി രൂപ ചിലവിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിരിയിരക്കുന്നത്. ബൈപ്പാസിന്റെ ഭാഗമായി രണ്ടാം ഘട്ടമായി നിര്‍മ്മിക്കുന്ന തടവനാല്‍ മുതല്‍ വെയില്‍കാണാംപാറ വരെയുള്ള 1.8 കിലോമീറ്റര്‍ പാതയുടെ സ്ഥലമെടുപ്പ് രണ്ട് റീച്ചുകളായി തിരിച്ച് അവസാന ഘട്ടത്തിലാണ്.

സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും. ബൈപ്പാസിന്റെ മൂന്നാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത് തടവനാല്‍ മുതല്‍ മുഹ്‌യിദ്ദീന്‍ പള്ളി ക്രോസ്‌വേ വരെയുള്ള റിവര്‍വ്യൂ റോഡായാണ്.

ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ റോഡുകൂടി യഥാര്‍ത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗത കുരുക്കിന് സമഗ്രമായ പരിഹാരമാകുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

You May Also Like

Leave a Reply