മേലുകാവ് സ്വദേശിനിയായ അധ്യാപികെ ട്രെയിനില്‍ നിന്നും വീണു മരിച്ചു. മേലുകാവ് കട്ടിപ്പുരയ്ക്കല്‍ ഷിബുവിന്റെ ഭാര്യ ജിന്‍സി(37)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നെലെ രാത്രി എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 7നാണ് ജിന്‍സി തിരുവല്ല സ്‌റ്റേഷന് സമീപം ട്രെയിനില്‍ നിന്നും വീണത്.
അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായും ആക്ഷേപം ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്. തിരുവല്ല സ്റ്റേഷനില്‍ നിന്നും കോട്ടയം പാസഞ്ചര്‍ നീങ്ങിതുടങ്ങിയപ്പോള്‍ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഓടി കയറുന്നത് കണ്ടതായി കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ പറയുന്നുണ്ട്. ജിന്‍സി കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനില്‍ നിന്നും ടീച്ചര്‍ വീഴുന്നത്. കോട്ടയം ഇറങ്ങേണ്ട ആള്‍ തിരുവല്ല സ്റ്റേഷനില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്. വീഴുന്നതിന് കുറച്ചു മുന്‍പ് ബന്ധുക്കളുമായി ടീച്ചര്‍ സംസാരിച്ചിരുന്നു. ഈ കാര്യത്തില്‍ വിശദമായ ഒരു അന്വേഷണം റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഫ്രണ്ട് ഓണ്‍ റെയില്‍ കൂട്ടായ്മ ആവശ്യപ്പെട്ടു.
സൗമ്യയുടെ മരണത്തിന് ശേഷവും സംസ്ഥാനത്ത് ട്രെയിനുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഇത്തരം സംഭവങ്ങളെന്നും ആക്ഷേപമുണ്ട്. ട്രെയിനുകള്‍ക്കുള്ളില്‍ ഇപ്പോഴും സിസിടിവി ക്യാമറാകളില്ല. വനിതാ കമ്പാര്‍ട്ട്മെന്റില്‍ പൊലീസും ഇല്ല. അധ്യാപിക മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റയില്‍വെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.