താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി. പത്ത് മണിയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 8 പേരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ 10 മൃതദേഹത്തില്‍ രണ്ട് മൃതദേഹം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോയി. അഫ്‌ലഹ് ( 7), അന്‍ഷിദ് (10) പോസ്റ്റ് മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടത്തും.


കേരളത്തെ നടുക്കിയ താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേ സമയം, കേരളത്തെ നടുക്കിയ താനൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ പാല്‍ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്.
ഔദ്യോഗിക തെരച്ചില്‍ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ച് അനൗദ്യോഗിക തെരച്ചില്‍ തുടരുകയായിരുന്നു. അഗ്‌നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി.
ഇതുവരെ സ്ഥിരീകരിച്ചത് 22 പേരുടെ മരണമാണ്. ഹസ്‌ന (18), സഫ്‌ന (7), ഫാത്തിമ മിന്‍ഹ(12), സിദ്ധിക്ക് (35), ജഴല്‍സിയ (40), അഫ്‌ലഹ് (7), അന്‍ഷിദ് (10), റസീന, ഫൈസാന്‍ (4), സബറുദ്ധീന്‍ (38), ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, സഫ്‌ല ഷെറിന്‍, റുഷ്ദ, ആദില ശെറി, അയിഷാബി, അര്‍ഷാന്‍, അദ്‌നാന്‍, സീനത്ത് (45 ), ജെറിര്‍ (10) എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്.
മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. മൂന്ന് കുട്ടികള്‍ അടക്കം പത്ത് പേര്‍ ചികിത്സയിലുണ്ട്. പലരും വെന്റിലേറ്ററിലാണ്. ആയിഷ (5), മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ഫസ്ന (19), ഹസീജ (26), നുസ്രത് (30), സുബൈദ (57) എന്നിവരാണ് ചിത്സയിലുള്ളത്. മൂന്ന് പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് എത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല.