പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു

പാലാ: എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതത്തിന് ഭാരതത്തില്‍ രൂപംകൊടുത്ത മാര്‍ത്തോമാശ്ലീഹായുടെ പൈതൃകം ഏറ്റുവാങ്ങിയ ക്രിസ്ത്യാനികള്‍ 20 നൂറ്റാണ്ടുകളായി തിങ്ങിപ്പാര്‍ത്ത മീനച്ചില്‍ നദീതട മേഖലകളും മലയോര പ്രദേശങ്ങളും ഉള്‍പ്പെടുന്ന പാലാ രൂപതയുടെ നേതൃത്വത്തില്‍ ലോകത്തിലെ അതിപുരാതന ക്രൈസ്തവ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി.

‘ബേസ് ഹേകംസാ ദ്‌സുറ് യായാ മദ്‌ന്ഹായാ’ എന്ന സുറിയാനിപേരില്‍ അറിയപ്പെടുന്ന House of Wisdom of the East Syriac studies എന്ന അറമായ സുറിയാനി പഠനപ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.

സുറിയാനി ഭാഷയുടെയും യഹൂദ പാരമ്പര്യങ്ങളുടെയും പ്രാധാന്യം, ഭാരതത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നല്‍കിയ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന വിവിധ സുറിയാനി സഭകളുടെ ചരിത്രം, ഭാഷാ പഠനം, പുരാതന സുറിയാനി സാഹിത്യ കൃതികള്‍, സുറിയാനി സഭാ പിതാക്കന്മാരുടെയും പണ്ഡിതരുടെയും സംഭാവനകള്‍, ഭാരതത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെയിടയിലും ഭാരതത്തിലും പൗരസ്ത്യ സുറിയാനി ഭാഷയുടെ വിവിധതരത്തിലുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠന പരമ്പരയുടെ ഓണ്‍ലൈന്‍ പ്രക്ഷേപണവും ഇതോടുകൂടി ആരംഭിച്ചു.

ചരിത്രത്തില്‍ എക്കാലത്തും കേരളത്തില്‍ സാമൂഹ്യ സാമുദായിക മേഖലകളില്‍ നിര്‍ണായക പങ്കുവഹിച്ച നസ്രാണി സമുദായ നേതൃത്വത്തിലും പണ്ഡിത നിരയിലും പാലാ രൂപത ഉള്‍പ്പെടുന്ന പ്രദേശത്തു നിന്നുള്ള വൈദികരുടെയും അല്‍മായ പ്രമുഖരുടെയും മുഖ്യമായ സാന്നിധ്യം അഭിമാനാര്‍ഹമായ ഒന്നാണെന്ന് ബിഷപ്പ് അനുസ്മരിച്ചു.

ലോകത്തിലെ തന്നെ പുരാതന പൈതൃക ങ്ങളില്‍ പ്രാമുഖ്യമുള്ള ഈ ഭാഷയും ആത്മീയതയും മനസ്സിലാക്കി ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ലോകത്തിലെതന്നെ മികച്ച ഒരു മാതൃകയാക്കി നിലനിര്‍ത്താന്‍ മലങ്കരയില്‍ ഉള്ള എല്ലാ സുറിയാനി സഭകളിലെയും അംഗങ്ങള്‍ക്കും മറ്റു ക്രൈസ്തവ വിശ്വാസികള്‍ക്കും ലോകത്തിലുള്ള എല്ലാ മതസ്ഥര്‍ക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്നിഹിതനായ യോഗത്തില്‍ പഠന പ്രോഗ്രാമിന്റെ
കോര്‍ഡിനേറ്ററായി ഫാ. ജോണ്‍ കണ്ണന്താനത്തെയും ചെയര്‍മാനായി ഫാ. മാത്യു കുറ്റിയാനിക്കലിനെയും സെക്രട്ടറിയായി ഫാ. സിറില്‍ തയ്യിലിനെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.

ഫാ. സെബാസ്റ്റ്യന്‍ അടപ്പശ്ശേരി, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ജോസഫ് പള്ളയ്ക്കല്‍, ഫാ. അഗസ്റ്റിന്‍ കണ്ടത്തില്‍ കുടിലില്‍, ഫാ. ജോസഫ് കിഴക്കേകുറ്റ്, ഫാ. ജോയല്‍ പണ്ടാരപറമ്പില്‍, ഫാ. തോമസ് ഓലയത്തില്‍ തുടങ്ങിയവര്‍ പ്രോഗ്രാമിന്റെ വിവിധ മേഖലകള്‍ക്ക് നേതൃത്വം നല്‍കും.

Pala Roopatha Official എന്ന യൂട്യൂബ് ചാനലിലും Palai Diocese എന്ന ഫേസ്ബുക്ക് പേജിലും ക്ലാസുകള്‍ ലഭ്യമാക്കും.

Leave a Reply

%d bloggers like this: