സൂപ്പര്‍സ്‌പ്രെഡ്; ഗൗരവം മനസിലാക്കാന്‍ ഈ കണക്കുകള്‍ അറിയാതെ പോകരുത്

സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായെന്നും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ഇന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കാത്തവര്‍ ഈ കണക്കുകള്‍ ഒന്നു കാണണം. 

സംസ്ഥാനത്ത് എത്രവേഗമാണ് രോഗബാധ വര്‍ധിക്കുന്നതെന്നും അതിനേക്കാളുപരിയായി എത്ര വേഗമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ പടരുന്നതെന്നും ഈ കണക്കുകള്‍ നമ്മോടു പറയും.

ജൂലൈ മൂന്നിനാണ് ആദ്യമായി സംസ്ഥാനത്ത് 200 പേര്‍ക്ക് രോഗബാധ ഒരു ദിവസം സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്കിപ്പുറം ജൂലൈ 10ന് ഈ സംഖ്യ നാനൂറു കടന്നു. അതായത് രോഗബാധയുടെ തോത് 200 ശതമാനമായി വര്‍ധിച്ചത് വെറും ഏഴു ദിവസം കൊണ്ടാണ്.

എന്നാല്‍ മറ്റൊന്നുകൂടെ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നാം തീയതി വെറും 27 പേര്‍ക്കു മാത്രമായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതെങ്കില്‍ ജൂലൈ പത്താം തീയതി അതു 204 ലേക്കും ജൂലൈ 11ന് അതു 234ലേക്കും എത്തി.

ഏറെക്കുറെ 900 ശതമാനത്തിന്റെ വര്‍ധനവാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉണ്ടായിരിക്കുന്നത്. ജൂലൈ നാലില്‍ 17 കേസുകളില്‍ നിന്നും തൊട്ടടുത്ത ദിവസം 38 ലേക്കും 38ല്‍ നിന്ന് 68ലേക്കും 90ലേക്കും 200ലേക്കും എല്ലാം എത്താന്‍ വേണ്ടി വന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്.

തീയതി – സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ/ പ്രതിദിന രോഗബാധ (ശതമാനം)

 • ജൂലൈ 1 : 13/151 (9%)
 • ജൂലൈ 2 : 14/160 (9%)
 • ജൂലൈ 3 : 27/211 (13%)
 • ജൂലൈ 4 : 17/240 (7%)
 • ജൂലൈ 5 :  38/225 (17%)
 • ജൂലൈ 6 : 35/193 (18%)
 • ജൂലൈ 7 : 68/272 (25%)
 • ജൂലൈ 8 : 90/301 (30%)
 • ജൂലൈ 9 : 140/339 (41%)
 • ജൂലൈ 10 : 204/416 (49%)
 • ജൂലൈ 11 : 234/488 (48%)

ഈ നിരക്കില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണെങ്കില്‍ പ്രതിദിനം ആയിരവും പതിനായിരവും കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാനും അധിക ദിവസങ്ങള്‍ വേണ്ടിവരില്ല. അതു കൊണ്ടു തന്നെ ഇനി ആവശ്യം കരുതലാണ്, അതിജാഗ്രതയാണ് വേണ്ടത്.

You May Also Like

Leave a Reply