ഈരാറ്റുപേട്ട ആഗ്രഹിക്കുന്നതെന്ത്? വികസന സ്വപ്‌നങ്ങള്‍ പങ്കുവെച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍

ഈരാറ്റുപേട്ട: നഗരസഭയുടെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍. നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണനയെന്നും മുന്‍ ഭരണസമിതി തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും നഗരസഭാധ്യക്ഷ പറയുന്നു.

മാലിന്യസംസ്‌കരണം, താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം, നഗരസഭയിലെ റോഡുകളുടെ നവീകരണം, കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമായി കുടിവെള്ള പദ്ധതികള്‍, പൊതു ശുചിമുറികളുടെ നിര്‍മാണം, വനിതാ ശാക്തീകരണം എന്നീ മേഖലകളിലെല്ലാം സാധ്യമായതു ചെയ്യണമെന്നാണ് പ്രതീക്ഷ.

Advertisements

ഇതോടൊപ്പം തന്നെ നഗരസഭയിലെ ജനങ്ങളുടെയും പ്രത്യേകിച്ച് യുവാക്കളുടെയും കളിയോട് അഭിരുചിയുള്ള വളര്‍ന്നു വരുന്ന പുതുതലമുറയുടെയും സ്വപ്‌നമായ പൊതു കളിക്കളം നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കുമെന്ന് സുഹ്‌റ അബ്ദുള്‍ ഖാദര്‍ പറഞ്ഞു

മാലിന്യ സംസ്‌കരണം

തേവരു പാറയില്‍ നിലവില്‍ കുടി കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ രൂപീകരിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കുകയാണ് ആദ്യ പടി.

ഇവിടെ പണി പൂര്‍ത്തിയായി വരുന്ന പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിലവില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമല്ല. ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കും.

മാലിന്യ സംസ്‌കരണത്തിന് ഉറവിട മാലിന്യ സംസ്‌കരണം എന്ന ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥല പരിമിതികളാണ് നഗരസഭ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനും പരിഹാരം കണ്ടെത്തും.

താലൂക്ക് ആശുപത്രി

ജനസാന്ദ്രതയേറിയ നഗരസഭയില്‍ താലൂക്കാശുപത്രി എന്നത് നാട്ടുകാരുടെ ഒരു വലിയ സ്വപ്‌നം തന്നെയാണ്. ഇതു സാക്ഷാത്കരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കും. ഇതിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും.

കുടിവെള്ള പ്രശ്‌നം

ജല അതോറിറ്റിയുടെ പ്രവര്‍ത്തനവും ജനകീയ ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാക്കും. മുടങ്ങിക്കിടക്കുന്ന തേവരുപാറ ജലസേചന പദ്ധതി നടപ്പാക്കാന്‍ നടപടി ഉണ്ടാകും.

ചെറുകിട ജലസേചന പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നിര്‍മിച്ച് നഗരസഭയുടെ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കും.

മിനി സിവില്‍സ്റ്റേഷന്‍

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കൂരയ്ക്കു കീഴില്‍ ആക്കുകയാണ് ലക്ഷ്യം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ജനത്തിന് മിനി സിവില്‍സ്റ്റേഷന്‍ ആവശ്യമാണ്. ഇതിനായി സ്ഥലം കണ്ടെത്തി നിര്‍മ്മാണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ഗതാഗത കുരുക്ക്

ഗതാഗത കുരുക്ക് ആണ് ഈരാറ്റുപേട്ട നേരിടുന്ന മറ്റൊരു പ്രശ്‌നം. മുന്‍ കാലങ്ങളില്‍ എടുത്ത ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് മൂലമായിരുന്നു.

ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. വിശദമായ ചര്‍ച്ചകള്‍ നടത്തി ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വ്യാപാരിവ്യവസായി പ്രതിനിധികള്‍, തൊഴിലാളി യൂണിയനുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ആലോചിച്ച് ട്രാഫിക് കമ്മിറ്റി വിളിച്ച് ചേര്‍ത്ത് സാധ്യമായതു ചെയ്യും.

റോഡുകളുടെ പുനരുദ്ധാരണം

തകര്‍ന്ന ഗ്രാമീണ റോഡുകളുടെ വികസനത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കും. ഇതിനായി ഏജന്‍സിയെ കണ്ടെത്തും.

പൊതു ശുചിമുറികള്‍

യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ പൊതു ശുചിമുറികള്‍ നിര്‍മിക്കും. നിലവിലുള്ള അടിയന്തരമായി നന്നാക്കാന്‍ നടപടിയെടുക്കും പരിസ്ഥിതി ശുചിമുറികള്‍ സ്ഥാപിക്കാനും പരിസ്ഥിതി ശുചീകരണം ഉറപ്പാക്കാന്‍ ജീവനക്കാരെ നിയമിക്കാനും നടപടി ഉണ്ടാകും

വനിതാ ശാക്തീകരണം

നഗരസഭയുടെ നേതൃത്വത്തില്‍ വനിത ഉല്പന്ന വിപണന കേന്ദ്രം ആരംഭിക്കും. ഇതോടൊപ്പം തന്നെ വനിതകളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആരംഭിക്കും. യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും.

പൊതു കളിസ്ഥലം

നഗരസഭയിലെ ജനങ്ങളുടെയും പ്രത്യേകിച്ച് യുവാക്കളുടെയും വളര്‍ന്നുവരുന്ന കുട്ടികളുടെയും പൊതുവായ ആവശ്യമാണ് നഗരസഭയ്ക്ക് സ്വന്തമായി ഒരു മൈതാനം എന്നത്.

വളര്‍ന്നുവരുന്ന ഒട്ടേറെ കായികപ്രതിഭകളെ ഇവിടെയുണ്ട്. ഇവര്‍ക്കായി നല്ലൊരു കളിസ്ഥലം കണ്ടെത്തും. സ്ഥല പരിമിതി ആണ് കളിസ്ഥലം നിര്‍മിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി.

You May Also Like

Leave a Reply