കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് രോഗബാധയെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.

കോവിഡ് രോഗബാധയെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന കവയിത്രി മരുന്നുകളോടു പ്രതികരിക്കുന്നില്ലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Advertisements

1934 ജനുവരി മൂന്നിന് ജനിച്ച സുഗതകുമാരി, തത്ത്വശാസ്ത്രത്തിലാണ് എംഎ ബിരുദം നേടിയത്. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കുട്ടികള്‍ക്കുള്ള ‘തളിര്’ മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണ സമിതിയുടെയും ‘അഭയ’യുടെയും സ്ഥാപക സെക്രട്ടറിയുമായിരുന്നു.

സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.

ഭര്‍ത്താവ്: ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009ല്‍ അര്‍ഹയായിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (രാത്രിമഴ), ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (അന്പലമണി), ആശാന്‍ സ്മാരക സമിതി (മദ്രാസ്) അവാര്‍ഡ് (കുറിഞ്ഞിപ്പൂക്കള്‍), വിശ്വദീപം അവാര്‍ഡ് (തുലാവര്‍ഷപ്പച്ച), വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ബാലസാഹിത്യത്തിന്നുള്ള സമഗ്ര പുരസ്‌കാരം, പനന്പിള്ളി പ്രതിഭാപുരസ്‌കാരം, സ്ത്രീശക്തി അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.

പ്രധാന കൃതികള്‍

കവിത: അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ, രാധയെവിടെ, ദേവദാസി, കൃഷ്ണകവിതകള്‍, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകള്‍ സന്പൂര്‍ണം, തുലാവര്‍ഷപ്പച്ച, കുടത്തിലെ കടല്‍, പൂവഴി മരുവഴി, സഹ്യഹൃദയം.

ബാലസാഹിത്യം: വാഴത്തേന്‍, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകള്‍.

ഉപന്യാസം: കാവു തീണ്ടല്ലേ…, മേഘം വന്നു തൊട്ടപ്പോള്‍, വാരിയെല്ല്, കാടിനു കാവല്‍, ഉള്‍ച്ചൂട്.

You May Also Like

Leave a Reply