പാലാ: മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന തെരുവ് നായ്ക്കൾക്കെതിരെ നടപടി സ്വീകരിക്കാത്തത് മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തെരുവ് നായ് പ്രശ്നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു പൗരാവകാശ സംരക്ഷണ സമിതി പാലാ മുനിസിപ്പൽ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.
മനുഷ്യജീവന് വെല്ലുവിളിയാകുന്ന തെരുവുനായ്ക്കൾക്കെതിരെ നടപടിയെടുക്കരുതെന്നു പറയുകയും മനുഷ്യനെ ആക്രമിക്കാനായി സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നത് ദുരൂഹമാണ്. മൃഗങ്ങളെ അനാവശ്യമായി കൊന്നൊടുക്കുന്നതിനോട് യോജിപ്പില്ല.
മനുഷ്യൻ്റെ മാത്രമല്ല ഭൂമി. എന്നാൽ മനുഷ്യ ജീവന് ഭീഷണി ഉയരുമ്പോൾ നടപടികൾ അനിവാര്യമാണ്. പക്ഷിപ്പനി വരുമ്പോൾ രോഗം വ്യാപിക്കാതിരിക്കാൻ കോഴി അടക്കമുള്ളവയെ കൊന്നൊടുക്കുമ്പോൾ ഇല്ലാത്ത സ്നേഹം നായ്ക്കളുടെ കാര്യത്തിൽ ഉണ്ടാവുന്നത് എന്താണെന്നാണ് ജനത്തിനറിയേണ്ടത്.
മേനകഗാന്ധിയെ പോലുള്ളവർ നായ്ക്കളുടെ ശല്യമുള്ള സ്ഥലത്ത് താമസിച്ച് പ്രശ്നം മനസിലാക്കാൻ ശ്രമിക്കേണ്ടതാണ്. തെരുവ് നായ്ക്കളോട് അമിത സ്നേഹം കാണിക്കുന്നവർ അവയെ തെരുവിൽ അലയാൻ വിടാതെ വീടുകളിൽ വളർത്താൻ തീരുമാനിക്കുന്നത് ഉചിതമാകുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. അങ്ങനായാൽ തെരുവ് നായ്ക്കൾക്കെതിരെ നടപടി എടുക്കാതിരിക്കാനും തെരുവ് നായ്ക്കളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാനും കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവ് നായ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. നടപടി വൈകുന്നത് മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണ്.
പ്രസിഡന്റ് അഡ്വ സന്തോഷ് കെ മണർകാട്ട് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, സമിതി ഭാരവാഹികളായ മൈക്കൾ കാവുകാട്ട്, ജോസ് വേരനാനി, സന്തോഷ് കാവുകാട്ട്, എം പി കൃഷ്ണൻനായർ, അഡ്വ ജോബി കുറ്റിക്കാട്ട്, മുൻസിപ്പൽ കൗൺസിലർമാരായ വി സി പ്രിൻസ്, ജിമ്മി ജോസഫ്, മായാ രാഹുൽ, സിജി ടോണി, ആനി ബിജോയ്, ലിജി ബിജു, മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ കെ ആർ മുരളീധരൻനായർ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, പ്രശാന്ത് നെല്ലാനിക്കാട്ട്, ബീനാ രാധാകൃഷ്ണൻ, ജ്യോതി ലക്ഷ്മി, അപ്പച്ചൻ ചെമ്പക്കുളം എന്നിവർ പ്രസംഗിച്ചു.