
തിരുവനന്തപുരം: കൂട്ടിക്കൽ ഉൾപ്പെടെ കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ദുരിതബാധിതരായ പുറമ്പോക്ക് നിവാസികൾ ഉൾപ്പെടെ ഭൂമി നഷ്ടപ്പെട്ട എല്ലാവർക്കും പുതുതായി സ്ഥലം വാങ്ങുന്നതിന് ആറുലക്ഷം രൂപ പ്രകാരം സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നുണ്ട്
. ഈ തുക ഉപയോഗിച്ച് സ്ഥലം പേരിലേക്ക് വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ വരുന്ന തുക ചെലവഴിക്കുന്നതിന് ദുരിതബാധിതർക്ക് കഴിയാത്ത സാഹചര്യം പരിഗണിച്ച് അവരുടെ പേരിലേക്ക് വാങ്ങുന്ന സ്ഥലത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇളവുനൽകണമെന്ന് അഭ്യർത്ഥിച്ചു പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന് നിവേദനം നൽകുകയും ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു.
കൂലി വേലകളും മറ്റും ചെയ്തു ജീവിക്കുന്ന നിരവധി ആളുകളുടെ വീടും സ്ഥലവും ഉൾപ്പെടെ ഉണ്ടായിരുന്നതെല്ലാം പ്രളയത്തിൽ നഷ്ടപ്പെട്ടു പോയിരുന്നു. ഇത്തരം ആളുകൾക്ക് വീടും സ്ഥലവും സൗജന്യമായി ലഭിക്കുമെങ്കിലും അവ തങ്ങളുടെ പേരിലേയ്ക്ക് തീറെഴുതി ലഭിക്കുന്നതിന് ആവശ്യമായിവരുന്ന രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കണ്ടെത്തുക ദുഷ്കരമായിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്താണ് ഇത്തരം ആളുകൾക്ക് സൗജന്യമായി ലഭിക്കുന്ന വീടും സ്ഥലവും രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായി വരുന്ന രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയം പരിശോധിച്ച് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി മറുപടി നൽകി.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ, മുണ്ടക്കയം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിലെ ഭവനരഹിതരും സാധാരണക്കാരുമായ നിരവധി ആളുകൾക്ക് ഇത് വലിയ പ്രതീക്ഷയേകുന്ന ഒന്നാണ്.